കൊച്ചി > കേരളത്തിൽ വാഹനങ്ങളുടെ വേഗപരിധി സംബന്ധിച്ച് കേന്ദ്ര, സംസ്ഥാന നിയമങ്ങളിൽ ആശയക്കുഴപ്പം വേണ്ടെന്ന് മോട്ടോർ വാഹന വകുപ്പ്. സംസ്ഥാനത്ത് നാലുവരി പാതകളിൽ കാറുകളുടെ പരമാവധി വേഗ പരിധി മണിക്കൂറിൽ 90 കിലോമീറ്ററാണ്. കേന്ദ്ര നിയമപ്രകാരം നാലുവരി പാതകളിൽ കാറുകൾക്ക് 100 കിലോമീറ്റർ ആണ് പരമാവധി വേഗത. എന്നാൽ മോട്ടോർ വാഹന നിയമത്തിലെ 112 ആം വകുപ്പിലെ രണ്ടാം ഉപവകുപ്പ് പ്രകാരം കേരളം വേഗപരിധിയുടെ കാര്യത്തിൽ പ്രത്യേക വിജ്ഞാപനംതന്നെ പുറപ്പെടുവിച്ചിട്ടുണ്ട്. സംസ്ഥാനത്തിനകത്ത് പരമാവധി വേഗപരിധിയിൽ മാറ്റം വരുത്താൻ മോട്ടോർ വാഹന വകുപ്പിന് അധികാരമുണ്ടെന്ന് ട്രാൻസ്പോർട്ട് കമീഷണർ എസ് ശ്രീജിത്ത് പറഞ്ഞു.
വാഹനങ്ങളുടെ വേഗപരിധി 2018 ൽ കേന്ദ്രം പുതുക്കിയെന്നും, പുതിയ എഐ ക്യാമറകളിലൂടെ പിടികൂടുന്ന നിയമലംഘനങ്ങളിൽ സംസ്ഥാനത്ത് 2014 ലെ വിജ്ഞാപന പ്രകാരമാണ് പിഴയെന്നും ചില മാധ്യമങ്ങളിൽ വാർത്ത നൽകിയിരുന്നു. ഇത് നിയമക്കുരുക്കിന് കാരണമാകുമെന്ന് പറഞ്ഞാണ് മാധ്യമങ്ങൾ ആശയക്കുഴപ്പം സൃഷ്ടിക്കുന്നത്. ഇക്കാര്യത്തിൽ ആശയക്കുഴപ്പം വേണ്ടെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കുന്നു. പൊതുജനങ്ങളുടെ സുരക്ഷയും, റോഡുകളുടെ സ്ഥിതിയും പരിഗണിച്ച് വേഗപരിധി തീരുമാനിക്കാൻ സംസ്ഥാനത്തിന് അധികാരമുണ്ട്. സംസ്ഥാന വിജ്ഞാപനപ്രകാരമുള്ള വേഗപരിധി അനുസരിച്ചാകും ക്യാമറവഴി പിടികൂടുന്ന നിയമലംഘനങ്ങൾക്ക് പിഴയീടാക്കുക.
കേരളത്തിൽ വിവിധ റോഡുകളിലെ വാഹനങ്ങളുടെ വേഗപരിധി:
റോഡപകടങ്ങൾ കുറയ്ക്കാനും ഗതാഗത നിയമലംഘനം തടയാനുമായി ആവിഷ്കരിച്ച സേഫ് കേരള പദ്ധതിയുടെ ഭാഗമായി മോട്ടോർ വാഹനവകുപ്പ് സ്ഥാപിച്ച 726 ക്യാമറകൾ വ്യാഴം മുതൽ പ്രവർത്തിച്ചു തുടങ്ങും. ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ബുധനാഴ്ച ചേർന്ന മന്ത്രിസഭായോഗം പദ്ധതിക്ക് സമഗ്ര ഭരണാനുമതി നൽകി.
675 എഐ കാമറകൾ
14 ജില്ലകളിലായി 675 എഐ ( നിർമിത ബുദ്ധി) കാമറകളാണ് പദ്ധതിയുടെ ഭാഗമായി കെൽട്രോൺ സ്ഥാപിച്ചത്. ഹെൽമറ്റ്, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കൽ, അപകടമുണ്ടാക്കി വാഹനം നിർത്താതെ പോകൽ തുടങ്ങിയ കുറ്റകൃത്യങ്ങൾ ഇവ കണ്ടുപിടിക്കും. ഇത്തരം നിയമലംഘനങ്ങളുടെ ചിത്രങ്ങൾ എടുത്ത് കാമറ കൺട്രോൾ റൂമിലേക്ക് അയക്കും. അവിടെനിന്നാണ് വാഹന ഉടമയ്ക്ക് ചിത്രങ്ങൾ ഉൾകൊള്ളിച്ചുള്ള പിഴ നോട്ടീസ് അയക്കുക.
തിരുവനന്തപുരം ട്രാൻസ്പോർട്ട് കമീഷണറേറ്റിലെ രണ്ടാംനിലയിലാണ് കേന്ദ്രീകൃത കൺട്രോൾറൂമും ഡാറ്റ സെന്ററും സജ്ജീകരിച്ചത്. ജില്ലാടിസ്ഥാനത്തിലും കൺട്രോൾ റൂമുംപ്രവർത്തിക്കും. കൺട്രോറൂമുകൾക്കായുള്ള വിദഗ്ധരെ നിയമിക്കുന്നത് കെൽട്രോണാണ്. കാമറകളുടെ അറ്റകുറ്റപ്പണി നടത്തുന്നതും സാങ്കേതിക കാര്യങ്ങൾ അഞ്ചുവർഷത്തേക്ക് നിർവഹിക്കുന്നതും കെൽട്രോണാണ്.
പിഴ ഇങ്ങനെ
ഹെൽമറ്റില്ലാത്ത യാത്ര – 500 രൂപ
രണ്ടാംതവണ – 1000
ലൈസൻസില്ലാതെ യാത്ര -5000
ഡ്രൈവിങ്ങിനിടയിലെ മൊബൈൽ ഉപയോഗം – 2000
അമിതവേഗം – 2000
മദ്യപിച്ച് വാഹനമോടിച്ചാൽ – ആറുമാസം തടവ് അല്ലെങ്കിൽ 10000 രൂപ
രണ്ടാംതവണ – രണ്ട് വർഷം തടവ് അല്ലെങ്കിൽ 15000 രൂപ
ഇൻഷുറൻസില്ലാതെ വാഹനം ഓടിച്ചാൽ – മൂന്നുമാസം തടവ് അല്ലെങ്കിൽ 2000
രണ്ടാംതവണ – മൂന്നു മാസം തടവ് അല്ലെങ്കിൽ 4000 രൂപ
ഇരുചക്ര വാഹനത്തിൽ രണ്ടിൽ കൂടുതൽ പേരുണ്ടെങ്കിൽ – 1000
സീറ്റ് ബെൽറ്റില്ലെങ്കിൽ ആദ്യതവണ -500
ആവർത്തിച്ചാൽ – 1000