ഹൈദരാബാദ്
ഐപിഎൽ ക്രിക്കറ്റിൽ മുംബൈ ഇന്ത്യൻസിന് മൂന്നാം ജയം. സൺറൈസേഴ്സ് ഹൈദരാബാദിനെ 14 റണ്ണിന് തോൽപ്പിച്ചു. 40 പന്തിൽ 64 റണ്ണുമായി പുറത്താകാതെനിന്ന കാമറൂൺ ഗ്രീനാണ് വിജയശിൽപ്പി. ഈ ഓസ്ട്രേലിയൻ ഓൾറൗണ്ടർ ഒരു വിക്കറ്റും വീഴ്ത്തി.
സ്കോർ: മുംബൈ 5–-192, ഹൈദരാബാദ് 178 (19.5)
ടോസ് നേടിയ ഹൈദരാബാദ് മുംബൈയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ക്യാപ്റ്റൻ രോഹിത് ശർമയും (18 പന്തിൽ 28) ഇഷാൻ കിഷനും (31 പന്തിൽ 38) നല്ല തുടക്കമിടാൻ ശ്രമിച്ചെങ്കിലും അധികം മുന്നോട്ടുപോയില്ല. അഞ്ചാംഓവറിൽ രോഹിത് പുറത്തായശേഷമാണ് ഗ്രീൻ എത്തിയത്. രണ്ട് സിക്സറും ആറ് ഫോറും പറത്തി. തിലക് വർമയും (17 പന്തിൽ 37) തിളങ്ങി. മായങ്ക് അഗർവാളാണ് (41 പന്തിൽ 48) ഹൈദാരാബാദിന്റെ ടോപ് സ്കോറർ. മുംബൈ പേസർ അർജുൻ ടെൻഡുൽക്കർ ഐപിഎല്ലിലെ കന്നിവിക്കറ്റ് നേടി. സച്ചിൻ ടെൻഡുൽക്കറിന്റെ മകനാണ് അർജുൻ.