കോഴിക്കോട്
സൂപ്പർകപ്പിൽ സ്വന്തം മൈതാനത്ത് മൂന്നാമത്തെ കളിയും ഗോകുലം കേരള തോറ്റു. 3-–-2ന് ജംഷഡ്പുർ എഫ്സിയോടായിരുന്നു തോൽവി. മൂന്ന് കളിയും ജയിച്ച ജംഷഡ്പുർ ഗ്രൂപ്പ് സിയിൽനിന്ന് ആധികാരികമായി സെമിയിൽ കടന്നു. 21ന് നടക്കുന്ന ആദ്യ സെമിയിൽ ബംഗളൂരു എഫ്സിയാണ് എതിരാളി.
നേരത്തേതന്നെ സെമിയുറപ്പിച്ച ജംഷഡ്പുർ പ്രധാനപ്പെട്ട പല താരങ്ങൾക്കും വിശ്രമം നൽകിയാണ് ടീമിനെയിറക്കിയത്. ജംഷഡ്പുരിനായി ഹാരി ഹിക്കി സോയർ, ഫാറൂഖ് ചൗധരി, ഇഷാൻ പണ്ഡിറ്റ എന്നിവർ ലക്ഷ്യം കണ്ടു. ഗോകുലത്തിന്റെ രണ്ടുഗോളും ഘാനക്കാരൻ സാമുവൽ മെൻസയുടെ വകയായിരുന്നു. കേരള ടീം ഭേദപ്പെട്ട പ്രകടനമാണ് നടത്തിയത്.
ആദ്യം ഗോകുലമാണ് ഗോൾ നേടിയത്. 33–-ാംമിനിറ്റിൽ മൈതാനമധ്യത്തിൽനിന്ന് മൂന്ന് ജംഷഡ്പുർ താരങ്ങളെ മറികടന്ന് സൗരവിന്റെ പാസ് സാമുവൽ മെൻസക്ക്. പ്രതിരോധിക്കാൻ ശ്രമിച്ച കോമൾ തട്ടാലിനെ മറികടന്ന് സാമുവൽ പന്ത് പോസ്റ്റിന്റെ വലതുമൂലയിലേക്ക് അടിച്ചുകയറ്റി. 40–-ാംമിനിറ്റിൽ ജംഷഡ്പുർ സമനില പിടിച്ചു. ജർമൻപ്രീത് സിങ് നൽകിയ പാസ് സ്വീകരിച്ച ഹാരി ഹിക്കി സോയർ പ്രതിരോധക്കാർക്ക് അവസരം നൽകാതെ പന്ത് ഗോകുലം വലയിലാക്കി.
രണ്ടാംപകുതിയുടെ തുടക്കത്തിൽ ജംഷഡ്പുരിനായിരുന്നു മേൽക്കൈ. 59–-മിനിറ്റിൽ ലീഡുയർത്തി. ഫാറൂഖ് ചൗധരി എടുത്ത കോർണറിൽനിന്നാണ് ഗോളിന്റെ തുടക്കം. ഇടതുവശത്തുനിന്ന് ചൗധരി എടുത്ത കോർണർ ബോക്സും കടന്ന് വലതുഭാഗത്തേക്ക് പോയി. അവിടുന്ന് സോയർ പന്ത് ബോക്സിലേക്ക് നീട്ടി ക്രോസ് കൊടുത്തു. ഇടതുവശത്തുനിന്ന് ഓടിയെത്തിയ ചൗധരി പന്ത് ബോക്സിലേക്ക് തട്ടിയിട്ടെങ്കിലും ഗോളിയുടെ ദേഹത്ത് തട്ടി താഴെ വീണു. പന്ത് വീണ്ടും കിട്ടിയത് ചൗധരിക്ക്. ഗോകുലം പ്രതിരോധക്കാർ തടുക്കാൻ ശ്രമിക്കുന്നതിനിടെ ചൗധരി ലക്ഷ്യം കണ്ടു.
മൂന്ന് മിനിറ്റ് കഴിഞ്ഞപ്പോൾ ഗോകുലം ഒപ്പംപിടിച്ചു. വശതുവശത്തുകൂടി ശ്രീക്കുട്ടനും വികാസും ചേർന്ന് നടത്തിയ മുന്നേറ്റത്തിനൊടുവിൽ രണ്ട് പ്രതിരോധക്കാരെ മറികടന്ന് ശ്രീക്കുട്ടൻ പന്ത് പോസ്റ്റിലേക്ക് തൊടുത്തു. ജംഷഡ്പുർ ഗോളി വിശാൽ യാദവ് തടുത്തു. തെറിച്ചുവീണ പന്ത് സാമുവൽ ജംഷഡ്പുർ വലയിലേക്ക് തിരിച്ചുവിട്ടു. ഗോകുലത്തിന് സമാധാനിക്കാൻ സമയം കിട്ടിയില്ല. മിനിറ്റുകൾക്കുള്ളിൽ ജംഷഡ്പുർ ലീഡുയർത്തി. പകരക്കാരനായി ഇറങ്ങിയ റിത്വിക് ദാസ് നൽകിയ പന്ത് സ്വീകരിച്ച ഇഷാൻ പണ്ഡിറ്റയ്ക്ക് പിഴച്ചില്ല. പന്ത് ഗോകുലം വലയിൽ. അവസാനനിമിഷം ഗോൾ മടക്കി ആശ്വാസ സമനില നേടാനുള്ള ഗോകുലം ശ്രമം ഫലം കണ്ടില്ല.
എടികെ ബഗാനെ
മറികടന്ന് ഗോവ
സൂപ്പർകപ്പ് ഗ്രൂപ്പ് സിയിലെ അവസാന മത്സരത്തിൽ എഫ്സി ഗോവയ്ക്ക് ജയം. ഐഎസ്എൽ ചാമ്പ്യൻമാരായ എടികെ മോഹൻ ബഗാനെ ഒരു ഗോളിനാണ് ഗോവ കീഴടക്കിയത്. കളിയുടെ 88–-ാംമിനിറ്റിൽ ഫാരസ് അർണൗത് വിജയഗോൾ നേടി. ഗ്രൂപ്പിൽനിന്ന് മൂന്ന് ജയത്തോടെ ജംഷഡ്പുർ എഫ്സി സെമിയിൽ കടന്നിരുന്നു. രണ്ട് ജയത്തോടെ ഗോവ ഗ്രൂപ്പിൽ രണ്ടാംസ്ഥാനക്കാരും ഒരു ജയത്തോടെ എടികെ മൂന്നാമതുമായി. ഇതോടെ നിലവിലെ സൂപ്പർകപ്പ് ജേതാക്കളായ ഗോവയും ഐഎസ്എൽ ജേതാക്കളായ എടികെ മോഹൻ ബഗാനും സെമി ഫൈനൽ കാണാതെ പുറത്തായി.