കൊച്ചി> സിനിമാ ചിത്രീകരണത്തിന് പ്രയാസം സൃഷ്ടിക്കുകയും പോസ്റ്റ് പ്രൊഡക്ഷൻ ജോലികളിൽ അനാവശ്യമായി ഇടപെടുകയും ചെയ്യുന്ന താരങ്ങളെ നിലയ്ക്ക് നിര്ത്തണമെന്ന് സാങ്കേതികപ്രവർത്തകരുടെ ഫെഡറേഷനായ ഫെഫ്ക. മലയാള സിനിമാരംഗത്തെ ഏതാനും നടീനടന്മാരാണ് പ്രശ്നക്കാർ. ഇവർ ഒരേ തീയതിയും സമയവും പല നിർമാതാക്കൾക്ക് നൽകുന്നതും എഡിറ്റിങ്ങിൽ ഇടപെടുന്നതുമാണ് പ്രയാസമുണ്ടാക്കുന്നത്. അത്തരക്കാരെ നിലയ്ക്ക് നിര്ത്താനാവശ്യമായ നടപടി നിർമാതാക്കൾ കൈക്കൊള്ളണം.
“സ്വന്തം താരപദവിയെക്കുറിച്ചുള്ള തെറ്റിദ്ധാരണയും അഭിനയം എന്താണെന്ന് അറിയാത്തതുമാകാം മലയാളസിനിമ ഇതുവരെ കണ്ടിട്ടില്ലാത്തത്ര മോശം പ്രവണതയ്ക്ക് കാരണമെന്നും’ ഫെഫ്ക ജനറൽ കൗൺസിലിനുശേഷം ജനറൽ സെക്രട്ടറി ബി ഉണ്ണിക്കൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പരാതിക്കിടയാക്കിയ അഭിനേതാക്കളുടെ പേരുകൾ ഇപ്പോൾ വെളിപ്പെടുത്തുന്നില്ലെന്ന് ബി ഉണ്ണിക്കൃഷ്ണൻ പറഞ്ഞു.
സാങ്കേതികപ്രവർത്തകരുടെ ജോലികളിൽ അനാവശ്യമായി ഇടപെടുന്നത് പ്രതിസന്ധിക്കിടയാക്കുന്നു. എഡിറ്റ് ചെയ്ത ഭാഗം അവരെയും അവർ ആവശ്യപ്പെടുന്നവരെയും കാണിക്കണമെന്നും ആവശ്യമെങ്കിൽ റീ എഡിറ്റ് ചെയ്യണമെന്നുമാണ് ആവശ്യം. ഡബ്ബിങ് നടക്കുന്ന ഒരു ചിത്രത്തിൽപ്പോലും ഇത്തരം ഇടപെടലുണ്ടായതായി പരാതിയുണ്ട്. സിനിമയ്ക്ക് പണം മുടക്കുന്ന നിർമാതാവിനോട് മാത്രമാണ് സാങ്കേതിക കലാകാരന്മാരുടെ ഉത്തരവാദിത്വം. മറ്റാരും ഇടപെടുന്നത് അനുവദിക്കാനാകില്ല. പരാതി നിർമാതാക്കളുമായി ചർച്ച ചെയ്തിട്ടുണ്ട്. പ്രൊഡ്യൂസേഴ്സ് അസോസിയേഷനെടുക്കുന്ന ഏതു നടപടിയെയും ഫെഫ്ക പിന്തുണയ്ക്കും.
സിനിമ ചിത്രീകരണമാരംഭിക്കും മുമ്പ് നിർമാതാക്കളുടെ സംഘടനയുമായി ഏർപ്പെടേണ്ട കരാറിൽ ചില അഭിനേതാക്കൾ ഒപ്പിടാൻ തയ്യാറല്ല. താരസംഘടനയുമായി ആലോചിച്ചാണ് കരാർ സമ്പ്രദായം നടപ്പാക്കിയതെന്നും ബി ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. സിനിമാമേഖലയിൽ സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കാൻ ശ്രമിക്കുന്ന ചലച്ചിത്ര വികസന കോർപറേഷൻ അത്തരം സിനിമകൾ തിയറ്ററുകളിൽ നിലനിര്ത്താനും തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചലച്ചിത്ര വികസന കോർപറേഷൻ നിർമിച്ച് ശ്രുതി ശരണ്യം സംവിധാനം ചെയ്ത ബി 32 മുതൽ 44 വരെ എന്ന സിനിമ നേരിടുന്ന പ്രതിസന്ധി ഉണ്ണിക്കൃഷ്ണൻ വിശദീകരിച്ചു.