ന്യൂഡല്ഹി> കേരളത്തിനനുവദിച്ച വന്ദേഭാരത് എക്സ്പ്രസിന്റെ യാത്ര തിരുവനന്തപുരം മുതല് കാസര്കോട് വരെയാക്കി. കേന്ദ്ര റെയില്വേ മന്ത്രി അശ്വിനി വൈഷ്ണവാണ് കാസര്കോട് വരെ നീട്ടിയെന്ന കാര്യം പ്രഖ്യാപിച്ചത്. ഡല്ഹിയില് നടത്തിയ വാര്ത്താ സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്യും
ഈ മാസം 25 ന് രാവിലെ വന്ദേഭാരത് പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിന് സമര്പ്പിക്കും. 24, 25 തിയതികളിലാകും പ്രധാനമന്ത്രി കേരളത്തിലുണ്ടാകുക. 25 ന് നിരവധി റെയില്വേ വികസന പദ്ധതികള് ഉദ്ഘാടനം ചെയ്യുമെന്നും കേന്ദ്ര റെയില്വേ മന്ത്രി വ്യക്തമാക്കി.
രണ്ടുഘട്ടമായി ട്രാക്കുകള് പരിഷ്കരിക്കും. ഒന്നരവര്ഷത്തിനുള്ളില് ഒന്നാംഘട്ടം പൂര്ത്തിയാക്കും. ആദ്യഘട്ടത്തില് 110 കിലോമീറ്റര് വേഗം കൈവരിക്കും. രണ്ടാംഘട്ടത്തില് 130 കിലോമീറ്ററായി ഉയര്ത്തും. വളവുകള് നിവര്ത്താന് സ്ഥലമേറ്റടുക്കേണ്ടതുണ്ട്. ഇതിന് കൂടുതല് സമയമെടുക്കും. ഡി.പി.ആര്. തയ്യാറായിക്കൊണ്ടിരിക്കുകയാണ്. രണ്ടാംഘട്ടം രണ്ടുമുതല് മൂന്നര വര്ഷത്തിനുള്ളില് പൂര്ത്തിയായാക്കുമെന്നും മന്ത്രി പറഞ്ഞു.
ഭാവിയില് 160 കിലോമീറ്റര് വേഗം കൈവരിക്കാനുള്ള നടപടികള് സ്വീകരിക്കും. ഇത് സങ്കീര്ണ്ണമായ പ്രവര്ത്തിയാണ്. നിലവില് കേരളത്തിന് ഒരു വന്ദേഭാരത് സര്വീസ് മാത്രമാണ് അനുവദിച്ചിട്ടുള്ളത്. ഭാവിയില് കൂടുതല് സര്വീസുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
വന്ദേഭാരതിന്റെ സ്റ്റോപ്പുകള് ഉള്പ്പെടെ കാര്യങ്ങളില് തീരുമാനമാവുന്നതേയുള്ളു. സില്വല്ലൈന് അടഞ്ഞ അധ്യായമല്ലെന്നും അദ്ദേഹം പറഞ്ഞു.