ന്യൂഡൽഹി
ഉത്തർപ്രദേശിൽ പൊലീസ് വലയത്തിൽ കൊല്ലപ്പെട്ട മുൻ എംപി ആതിഖ് അഹ്മദിനും സഹോദരൻ അഷ്റഫിനും പൊലീസുകാരിൽനിന്നുതന്നെ വധഭീഷണി ഉണ്ടായിരുന്നതായി ഇരുവരുടെയും അഭിഭാഷകൻ.ബറേലിയിൽനിന്ന് പ്രയാഗ്രാജിലേക്ക് കൊണ്ടുവരുന്ന വഴി ഒരു പൊലീസ് ഉദ്യോഗസ്ഥൻ വധഭീഷണി മുഴക്കിയെന്നാണ് സഹോദരങ്ങളുടെ അഭിഭാഷകൻ അഡ്വ. വിജയ്മിശ്രയുടെ വെളിപ്പെടുത്തൽ. ‘രണ്ടാഴ്ചയ്ക്കുള്ളിൽ നിങ്ങളെ വകവരുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് അഷ്റഫ് പറഞ്ഞു. എന്നാൽ, ഉദ്യോഗസ്ഥന്റെ പേര് വെളിപ്പെടുത്തിയില്ല. എന്തെങ്കിലും പറ്റിയാൽ എല്ലാം വെളിപ്പെടുത്തുന്ന കത്തുകൾ സുപ്രീംകോടതിക്ക് ഉൾപ്പെടെ എത്തിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും പറഞ്ഞിരുന്നു’ –- അഡ്വ. വിജയ്മിശ്ര മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, വധിക്കപ്പെടുമെന്ന് ആശങ്കയുണ്ടായിരുന്ന ആതിഖ് രണ്ടാഴ്ചമുമ്പ് സുപ്രീംകോടതിക്ക് കത്ത് തയ്യാറാക്കിയിരുന്നതായി ചില ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വധിക്കപ്പെട്ടാൽ ആരൊക്കെയാകും അതിന്റെ പിന്നിലെന്നത് ഉൾപ്പെടെയുള്ള വിവരങ്ങൾ ആതിഖ് കത്തിൽ വെളിപ്പെടുത്തിയിട്ടുണ്ടെന്നാണ് മാധ്യമങ്ങൾ പറയുന്നത്. അഞ്ച് പ്രമുഖ നേതാക്കളുടെ പേരുകളുണ്ടെന്നും സൂചനയുണ്ട്. മാർച്ച് 26ന് സബർമതി ജയിലിൽനിന്ന് പ്രയാഗ്രാജിലേക്ക് കൊണ്ടുപോകാൻ പുറത്തുകൊണ്ടുവന്നപ്പോൾ – ‘കൊല്ലും…കൊല്ലും..!’–- എന്ന് മാധ്യമപ്രവർത്തകർ കേൾക്കേ ആതിഖ് വിളിച്ചുപറഞ്ഞിരുന്നതും കത്തിലെ സംശയത്തെ ബലപ്പെടുത്തുന്നു.
വ്യാജഏറ്റുമുട്ടലിലൂടെ തങ്ങളെ വകവരുത്തുമെന്നായിരുന്നു ആതിഖിന്റെ കണക്കുകൂട്ടൽ. തുടർന്നാണ് ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാണിച്ച് സുപ്രീംകോടതിയെ സമീപിച്ചത്. എ ന്നാൽ, അലഹബാദ് ഹൈക്കോടതിയെ സമീപിക്കാൻ നിർദേശിച്ച് മാർച്ച് 28ന് ഹർജി തള്ളി. രണ്ടാഴ്ചയ്ക്കുശേഷം മകൻ അസദിനെ യുപി പൊലീസ് വെടിവച്ച് കൊന്നു.
അതേസമയം, ആതിഖ് അഹ്മദിന്റെയും സഹോദരന്റെയും കൊലപാതകങ്ങളെക്കുറിച്ച് സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജികളെത്തി. 2018നുശേഷം യുപിയിൽ നടന്ന ഏറ്റുമുട്ടൽ കൊലപാതകങ്ങൾ അന്വേഷിക്കണമെന്നാണ് അഡ്വ. വിശാൽ തിവാരിയുടെ ഹർജിയിലെ ആവശ്യം. ഇരട്ടക്കൊലപാതകത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ അമിതാഭ്താക്കൂറും കോടതിയെ സമീപിച്ചിട്ടുണ്ട്.
സബർമതി ജയിലിലായിരുന്ന ആതിഖിനെ പ്രയാഗ്രാജിലേക്ക് മാറ്റിയതിനു പിന്നാലെയാണ് അദ്ദേഹത്തെയും സഹോദരനെയും ശനിയാഴ്ച രാത്രി ബജ്റംഗദൾ പ്രവർത്തകനടക്കം മൂന്നുപേർ ജയ്ശ്രീറാം വിളിച്ചുകൊണ്ട് വെടിവച്ചുകൊന്നത്.
കൊലയാളികൾ ആതിഖിന്റെ
മകനുള്ള ജയിലിൽ; പിന്നീട് മാറ്റി
മുൻ എംപിയും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ ആതിഖ് അഹ്മദിന്റെയും സഹോദരന്റെയും കൊലയാളികളെ ആദ്യം പാർപ്പിച്ചത് ആതിഖിന്റെ മകൻ കഴിയുന്ന ജയിലിൽ. പ്രതികളായ അരുൺ മൗര്യ, സണ്ണി സിങ് (രോഹിത്), ലവ്ലേഷ് തിവാരി എന്നിവരെയാണ് 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിക്കായി പ്രയാഗ്രാജിലെ നൈനി സെൻട്രൽ ജയിലിൽ എത്തിച്ചത്. ആതിഖിന്റെ രണ്ടാമത്തെ മകനായ മുഹമ്മദ് അലി അഹ്മദ് ഈ ജയിലിലാണ് കഴിയുന്നത്. വസ്തു ഇടപാടുകാരനെ ആക്രമിച്ച കേസിലാണ് ശിക്ഷ.
മുഖം രക്ഷിക്കാൻ എസ്ഐടി
പൊലീസ് കസ്റ്റഡിയിൽ മാധ്യമങ്ങൾക്കുമുന്നിൽ മുൻ എംപിയും സഹോദരനും കൊല്ലപ്പെട്ടതിനുപിന്നാലെ മുഖം രക്ഷിക്കാനുള്ള നടപടിയുമായി യുപി പൊലീസ്. സംഭവം അന്വേഷിക്കാൻ പ്രത്യേക അന്വേഷക സംഘ (എസ്ഐടി)ത്തെ നിയോഗിച്ചു. ജുഡീഷ്യൽ കമീഷന് പുറമെയാണ് എസ്ഐടിയെ നിയോഗിച്ചത്. പ്രയാഗ്രാജ് എഡിജിപി, കമീഷണർ, ലഖ്നൗ ഫോറൻസിക് ലാബ് ഡയറക്ടർ എന്നിവരടങ്ങുന്നതാണ് സംഘം.
ആതിഖിന്റെ
ശരീരത്തില്‍
9 വെടിയുണ്ട
മുന്‍ എംപി ആതിഖ് അഹ്മദിന്റെ ശരീരത്തില്‍ തുളച്ചുകയറിയത് ഒമ്പത് വെടിയുണ്ടയാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. തലയില്‍നിന്ന് ഒന്നും നെഞ്ചില്‍നിന്നും പുറകില്നിന്നുമായി എട്ടു ബുള്ളറ്റും കണ്ടെത്തി. സഹോദരന് അഷ്റഫിന്റെ ശരീരത്തില്‍നിന്ന് അഞ്ച് ബുള്ളറ്റും കണ്ടെത്തി. പോസ്റ്റുമോർട്ടത്തിനുശേഷം ഇരുവരുടെയും മൃതദേഹം പ്രയാഗ് രാജില്‍ സംസ്കരിച്ചു.
സുപ്രീംകോടതി മുന്‍ ജഡ്ജി പറയുന്നു ; യുപി പൊലീസില്‍ സംശയം
കസ്റ്റഡിയിലിരിക്കെയുള്ള മുന്‍ എംപി ആതിഖ് അഹ്മദിന്റെയും സഹോദരന്റെയും കൊലപാതകം ഏറ്റവും ഞെട്ടിപ്പിക്കുന്നതെന്ന് മുന്‍ സുപ്രീംകോടതി ജഡ്ജി മദന്‍ ലോകുര്‍. സംഭവം യുപി പൊലീസിനെതിരെ നിരവധി സംശയങ്ങളും ചോദ്യങ്ങളും ഉയര്‍ത്തുന്നുണ്ട്. കസ്റ്റഡിമരണത്തില്‍ കോടതി ജാഗ്രത പാലിക്കണമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. സംരക്ഷിക്കേണ്ട പൊലീസ് ഇവിടെ തീര്‍ത്തും പരാജയപ്പെട്ടിരിക്കുന്നു. ഏറ്റുമുട്ടല്‍ മരണങ്ങള് മുമ്പും നടന്നിട്ടുണ്ടെങ്കിലും പൊലീസ് കസ്റ്റഡിയിലിരിക്കെ നടന്ന ഇത്തരമൊരു കൊലപാതകം ആദ്യത്തേതായിരിക്കുമെന്നും ജസ്റ്റിസ് ലോകുര്‍
ദ വയറിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.