തിരുവനന്തപുരം
ബിജെപി നേതാക്കൾക്ക് പിന്നാലെ ബിഷപ് ഹൗസുകൾ സന്ദർശിക്കാനെത്തിയതിനെച്ചൊല്ലി കോൺഗ്രസിലും കലാപം. കെ സി ജോസഫിനെതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ നടത്തിയ ‘കുത്തിത്തിരിപ്പ്’ പരാമർശമാണ് പുതിയ തർക്കങ്ങൾക്ക് വഴിവച്ചത്. സുധാകരന്റെ പ്രസ്താവനയ്ക്കെതിരെ കെ മുരളീധരനും രംഗത്തെത്തിയതോടെ തർക്കത്തിന് ചൂട് കൂടി.
യുഡിഎഫിന്റെയും കോൺഗ്രസിന്റെയും ഭാവിയെ സംബന്ധിച്ച് അതീവ ഗുരുതര സംഭവങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായതെന്ന് ചൂണ്ടിക്കാണിച്ചാണ് കെ സി ജോസഫ് കത്ത് നൽകിയത്. ബിജെപി നേതാക്കൾ അരമനകൾ കയറിയിറങ്ങുമ്പോൾ നഷ്ടപ്പെടുന്നത് കോൺഗ്രസിന്റെ കാൽചുവട്ടിലെ മണ്ണാണെന്നും കോൺഗ്രസും ബിഷപ് ഹൗസിലേക്ക് എത്തണമെന്നും കത്തിൽ പറഞ്ഞിരുന്നു.
കത്തിലെ പരാമർശങ്ങളാണ് സുധാകരനെ ചൊടിപ്പിച്ചത്. തലശേരി അതിരൂപത ആർച്ച് ബിഷപ് ജോസഫ് പാംപ്ലാനിയുമായി കൂടിക്കാഴ്ച നടത്തിയതിനുശേഷം മാധ്യമങ്ങളെക്കണ്ട സുധാകരൻ അതൃപ്തി പരസ്യമാക്കി. കത്തിലെ പരാമർശങ്ങൾ അപക്വമായിപ്പോയെന്നും പാർടിയിൽ ആരും കുത്തിത്തിരിപ്പുണ്ടാക്കിയില്ലെങ്കിൽ ആശങ്കയില്ലെന്നും സുധാകരൻ പറഞ്ഞു.
പലതവണ എംഎൽഎയും മന്ത്രിയുമായിരുന്ന മുതിർന്ന നേതാവിനെ അപമാനിക്കുകയാണ് ഇതുവഴി ചെയ്തതെന്നാണ് എ ഗ്രൂപ്പിന്റെ പരാതി. ബിജെപിയുടെ അരമന സന്ദർശനം ഗൗരവമായി കാണണമെന്നും രാഷ്ട്രീയകാര്യ സമിതി യോഗം ചേരണമെന്നും ആവശ്യപ്പെട്ടുള്ള കത്തിലെ അപക്വത എന്താണെന്നാണ് എ ഗ്രൂപ്പുകാരുടെ ചോദ്യം.
കെ സി ജോസഫ് കത്തിൽ
പറഞ്ഞത്
ന്യൂനപക്ഷ സമുദായത്തെ പ്രീണിപ്പിക്കാൻ ബിജെപി നടത്തുന്ന ശ്രമങ്ങളും അതിനോടുള്ള ബിഷപ്പുമാരുടെ പ്രതികരണവും ഗൗരവമായി കാണണം. കാലിനടിയിലെ മണ്ണ് ചോരുന്നത് കാണാതെ പോകരുത്.
സുധാകരന്റെ
മറുപടി
ബിജെപി നേതാക്കളുടെ സന്ദർശനത്തെക്കുറിച്ച് കെ സി ജോസഫിന്റെ പരാമർശങ്ങൾ അപക്വമായിപ്പോയി. പാർടിക്കകത്ത് ആരും കുത്തിത്തിരിപ്പ് ഉണ്ടാക്കിയില്ലെങ്കിൽ ആശങ്കയില്ല.
ജോസഫിന്റെ മറുപടി
ബിജെപി നീക്കത്തിനെതിരെ സദുദ്ദേശ്യപരമായാണ് കത്തുനൽകിയത്. അപക്വമായ പരാമർശങ്ങൾ നടത്തിയിട്ടില്ല. കെപിസിസി പ്രസിഡന്റിന് അങ്ങനെ തോന്നിയത് എന്തുകൊണ്ടെന്ന് അറിയില്ല. ഉമ്മൻചാണ്ടിയുടെ അസാന്നിധ്യം കോൺഗ്രസിനെ ബാധിക്കുന്നുണ്ട്. കുത്തിത്തിരിപ്പ് പരാമർശം പ്രസിഡന്റിന്റെ നാവുപിഴയായാണ് കാണുന്നത്.
കെ മുരളീധരൻ
കെ സി ജോസഫിനെതിരായ സുധാകരന്റെ വിമർശം ദൗർഭാഗ്യകരം. നേതാക്കൾ അഭിപ്രായം പറയുന്നത് പാർടിയുടെ നന്മയ്ക്കുവേണ്ടിയാണ്. പരസ്യപ്രതികരണം വിലക്കിയ കെപിസിസി പ്രസിഡന്റ് തന്നെ ഇത്തരത്തിലുള്ള ആക്ഷേപം ഉന്നയിക്കുന്നത് ശരിയല്ല.