തിരുവനന്തപുരം
പുനഃസംഘടനയ്ക്കുള്ള കെപിസിസിയുടെ പ്രത്യേക സമിതി തിങ്കളാഴ്ച യോഗം ചേരാനിരിക്കുമ്പോഴും ഭാരവാഹിപ്പട്ടിക കൈമാറാതെ ഗ്രൂപ്പുകൾ. മാനദണ്ഡങ്ങൾ മാറ്റാനും എല്ലാവരെയും പരിഗണിക്കാനും തയ്യാറാകാതെ പട്ടിക നൽകുന്നതിൽ അർഥമില്ലെന്ന നിലപാടിലാണ് എ, ഐ ഗ്രൂപ്പുകൾ.
എല്ലാ ജില്ലയിൽനിന്നും പട്ടിക ലഭിച്ചശേഷം സമിതി യോഗം ചേരാമെന്നായിരുന്നു ആദ്യ തീരുമാനം. പട്ടിക നൽകുന്നത് ഗ്രൂപ്പുകൾ മനഃപൂർവം വൈകിക്കുന്നുവെന്ന് വ്യക്തമായതോടെയാണ് തിങ്കളാഴ്ച പുനഃസംഘടനാ സമിതി യോഗം ചേരാൻ നിശ്ചയിച്ചത്. കൊടിക്കുന്നിൽ സുരേഷ്, ടി സിദ്ദിഖ്, കെ സി ജോസഫ്, എ പി അനിൽകുമാർ, ജോസഫ് വാഴയ്ക്കൻ, എം ലിജു, കെ ജയന്ത് എന്നിവരടങ്ങിയതാണ് സമിതി. കെ സുധാകരനും വി ഡി സതീശനും താൽപ്പര്യമുള്ളവരെ കുത്തിനിറയ്ക്കാൻ പോന്നതാണ് സമിതിയെന്ന് നേരത്തേ വിമർശമുയർന്നിരുന്നു. കെ സി വേണുഗോപാലിന്റെ നോമിനിയും സമിതിയിലുണ്ട്. ഉമ്മൻചാണ്ടിയുടെയും ചെന്നിത്തലയുടെയും താൽപ്പര്യങ്ങൾക്ക് നേതൃത്വം വിലകൽപ്പിച്ചില്ലെന്നും പരാതിയുണ്ട്.
ഈ സമിതിക്ക് പട്ടിക കൈമാറിയിട്ടും കാര്യമില്ലെന്ന വിലയിരുത്തലാണ് ഗ്രൂപ്പ് നേതാക്കൾക്കുള്ളത്. തങ്ങൾ നൽകുന്ന പട്ടികയിൽ ഉള്ളവരുടെ യോഗ്യതയും അയോഗ്യതയും വിലയിരുത്താൻ നിലവിൽ നിശ്ചയിച്ചിരിക്കുന്ന മാനദണ്ഡങ്ങളിലും നേതാക്കൾ തൃപ്തരല്ല. സംഘടനാ സംവിധാനം പിടിച്ചെടുക്കാനുള്ള കെ സുധാകരന്റെയും വി ഡി സതീശന്റെയും തന്ത്രമായാണ് സമിതിയെ നേതാക്കൾ വിലയിരുത്തുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു പട്ടിക നൽകാൻ സമിതി അനുവദിച്ച അവസാന സമയം. സമയം കഴിഞ്ഞിട്ടും പട്ടിക കൈമാറാൻ തയ്യാറാകാത്തത് നേതൃത്വത്തെയും വലയ്ക്കുന്നുണ്ട്.