കൊച്ചി
കേരളത്തിലെ ഏറ്റവും വലിയ ആഡംബര കപ്പലായ “ക്ലാസിക് ഇംപീരിയൽ’ വ്യവസായമന്ത്രി പി രാജീവ് സന്ദർശിച്ചു. ക്ലാസിക് ഇംപീരിയൽ നിർമിക്കുന്ന നിഷിജിത് കെ ജോണിനെ മന്ത്രി അഭിനന്ദിച്ചു. ടൂറിസ്റ്റ് ബോട്ട് സർവീസ് മേഖലയിൽ 22 വർഷമായി പ്രവർത്തിക്കുന്ന ബോൾഗാട്ടി സ്വദേശി നിഷിജിത്തിന്റെ മൂന്നുവർഷത്തെ പ്രയത്നഫലമാണ് വരുംദിവസങ്ങളിൽ നീറ്റിലിറങ്ങാൻ തയ്യാറെടുക്കുന്ന “ക്ലാസിക് ഇംപീരിയൽ’. ഐആർഎസ് ക്ലാസിഫിക്കേഷനിലുള്ള 50 മീറ്റർ നീളമുള്ള കപ്പൽ നിഷിജിത്തിന്റെ ആറാമത്തെ സംരംഭമാണ്.
വല്ലാർപാടം കണ്ടെയ്നർ ടെർമിനലിന് സമീപമുളള രാമൻതുരുത്തിൽ പോർട്ട് ട്രസ്റ്റിന്റെ സ്ഥലം 1.20 ലക്ഷംരൂപ മാസവാടകയ്ക്കെടുത്താണ് നിർമാണകേന്ദ്രം ഒരുക്കിയത്. കപ്പൽ ഐആർഎസ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് നിർമിച്ചിരിക്കുന്നത്. മറൈൻഡ്രൈവിൽ പ്രത്യേകമായി നിർമിച്ച ഫ്ളോട്ടിങ് ജെട്ടിയിൽനിന്നാകും പുറംകടലിലേക്കുള്ള യാത്ര തുടങ്ങുക. 150 യാത്രക്കാർക്കുവരെ സഞ്ചരിക്കാം. 2000 രൂപയാണ് നിരക്ക്. ഉദ്ഘാടന ഓഫറായി 1500 രൂപയ്ക്ക് യാത്ര ചെയ്യാം. സൺസെറ്റ് ക്രൂസിന് 3000 രൂപയാണ് നിരക്ക്. ഉദ്ഘാടന ഓഫറായി ഇതിന് 2000 മതി. 30,000 വാട്സ് സൗണ്ട് സിസ്റ്റവും ലൈറ്റുകളും ഡിജെ, മ്യൂസിക് ബാൻഡ്, ഡാൻസ് ഉൾപ്പെടെയുള്ള ഉല്ലാസപരിപാടി നടത്താം. എസി, നോൺ എസി ഭക്ഷണശാലയുമടക്കമുള്ള സൗകര്യങ്ങളുമുണ്ട്.