തിരുവനന്തപുരം
സംസ്ഥാനത്ത് മരുന്ന് പ്രതിസന്ധിയാണെന്നത് മാധ്യമസൃഷ്ടി മാത്രമാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. മരുന്നുകൾക്ക് കുറവുണ്ടെന്ന് റിപ്പോർട്ട് ചെയ്യുന്നയിടങ്ങളിൽ എത്തിക്കാനുള്ള നടപടി സ്വീകരിച്ചു. കൂടാതെ പേവിഷ ബാധയ്ക്കുള്ള 6,000 വയൽ ഇമ്യൂണോഗ്ലോബുലിന്റെ വിതരണവും ആരംഭിച്ചു.
സർക്കാർ ആശുപത്രികൾക്ക് ആവശ്യമായ ജനറിക് മരുന്നുകൾ സംഭരിക്കാനുള്ള നടപടികൾ നേരെത്തെ ആരംഭിച്ചതാണ്. അധിക ഉപയോഗം കാരണം ചില ആശുപത്രികളിൽ മരുന്ന് കുറവുണ്ടായപ്പോൾ സ്റ്റോക്കുണ്ടായിരുന്ന ആരോഗ്യകേന്ദ്രങ്ങളിൽനിന്നും കൈമാറി കുറവ് പരിഹരിച്ചു. അത്യാവശ്യ മരുന്നുകൾ കാരുണ്യ കമ്യൂണിറ്റി ഫാർമസി മുഖേനയും തമിഴ്നാട് മെഡിക്കൽ സർവീസസ് കോർപറേഷൻ മുഖേനയും സംഭരിച്ചു നൽകി. നടപ്പ് സാമ്പത്തിക വർഷത്തെ ആദ്യഘട്ട വിതരണ ഉത്തരവുകളനുസരിച്ചുള്ള 200-ലധികം മരുന്നുകളുടെ വിതരണം പൂർത്തിയാകുന്ന മുറയ്ക്ക് രണ്ടാംഘട്ടവും മൂന്നാംഘട്ടവും ആരംഭിക്കും.
ഏപ്രിലിൽ എല്ലാ ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങളിലും അവശ്യ/സ്പെഷ്യാലിറ്റി മരുന്നുകൾ/ ഉപഭോഗ വസ്തുക്കൾ എന്നിവയുടെ ലഭ്യത ഉറപ്പാക്കാനും അടുത്ത സാമ്പത്തിക വർഷത്തിന്റെ ആദ്യപാദം മുതൽ സാധനങ്ങളുടെ സ്റ്റോക്ക് ഔട്ട് സാഹചര്യങ്ങളും കുറവുകളും ഒഴിവാക്കാനുമായി ആഗസ്തിൽ ടെൻഡർ നടപടികൾ ആരംഭിച്ചിരുന്നു. ആരോഗ്യമന്ത്രിയുടെ നിർദേശാനുസരണം 2023–- 24 വർഷത്തേക്കുള്ള മുഴുവൻ സംഭരണ പ്രക്രിയയെക്കുറിച്ച് വിശദമായ പദ്ധതി കലണ്ടർ തയ്യാറാക്കി അതനുസരിച്ചുള്ള ദർഘാസ് നടപടികൾ പൂർത്തിയാക്കിയതായും അധികൃതർ അറിയിച്ചു.