മുംബൈ
ഒമ്പത് സിക്സറും ആറ് ഫോറും കിന്നരിയിട്ട വെങ്കിടേഷ് അയ്യരുടെ സെഞ്ചുറി തോൽവിയിലും തിളങ്ങി നിന്നു. ഐപിഎൽ ക്രിക്കറ്റിലെ വമ്പൻമാരുടെ പോരിൽ മുംബൈ ഇന്ത്യൻസ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ അഞ്ചു വിക്കറ്റിന് കീഴടക്കി.
സ്കോർ: കൊൽക്കത്ത 6-–-185, മുംബൈ 5-–-186 (17.4)
ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്തയ്ക്കായി വെങ്കിടേഷ് മാത്രമാണ് മികച്ച സ്കോർ നേടിയത്. 51 പന്തിലാണ് കന്നി സെഞ്ചുറി. 2008ൽ ആദ്യ ഐപിഎല്ലിൽ ബ്രൻഡൻ മക്കല്ലം സെഞ്ചുറി നേടിയശേഷം ഒരു കൊൽക്കത്തക്കാരന്റെ 100 ആദ്യമാണ്. പക്ഷേ, ആ ആഘോഷം മുംബൈയുടെ ബാറ്റിങ് കൂട്ടായ്മയിൽ നിഷ്പ്രഭമായി. എങ്കിലും വെങ്കിടേഷാണ് കളിയിലെ താരം.
മുംബൈയ്ക്കായി ബാറ്റ് ചെയ്യാൻ മാത്രമിറങ്ങിയ രോഹിത് ശർമ 13 പന്തിൽ 20 റണ്ണെടുത്ത് മടങ്ങിയപ്പോൾ ഇഷാൻ കിഷൻ തനിസ്വരൂപം കാണിച്ചു. അഞ്ചുവീതം ഫോറും സിക്സറും അകമ്പടിയായ അർധസെഞ്ചുറി. 25 പന്തിൽ 58 റൺ. ക്യാപ്റ്റന്റെ റോളിലെത്തിയ സൂര്യകുമാർ യാദവ് നഷ്ടപ്രതാപം വീണ്ടെടുത്തു. 25 പന്തിൽ 43. അതിൽ നാല് ഫോറും മൂന്ന് സിക്സറും തിരിച്ചുവരവിന്റെ സൂചനയായി. തിലക് വർമ 30 റണ്ണെടുത്തു. 13 പന്തിൽ 24 റണ്ണുമായി പുറത്താകാതെ നിന്ന ഓസ്ട്രേലിയൻ താരം ടിം ഡേവിഡ് വിജയമൊരുക്കി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കൊൽക്കത്തക്കാരുടെ ഓപ്പണർമാർ പരാജയപ്പെട്ടത് തിരിച്ചടിയായി. റഹ്മാനുള്ള ഗുർബാസും (8) എൻ ജഗദീശനും (0) വേഗം മടങ്ങിയതോടെ ഉത്തരവാദിത്വം വെങ്കിടേഷ് അയ്യരുടെ ബാറ്റിലായി. ക്യാപ്റ്റൻ നിതീഷ് റാണയ്ക്കും (5) പിന്തുണയ്ക്കാനായില്ല. ശാർദുൽ ഠാക്കൂറും (11 പന്തിൽ 13 ) റിങ്കു സിങ്ങും (18 പന്തിൽ 18) സഹായിച്ചു. വിൻഡീസ് താരം ആന്ദ്രേ റസലിന്റെ മിന്നലടികൾ സ്കോർ ഉയർത്തി. 11 പന്തിൽ 21 റൺ.