ന്യൂഡൽഹി
രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടം ശക്തിപ്പെടുത്തണമെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ഭരണഘടനാ ശിൽപ്പിയും സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ നിയമമന്ത്രിയുമായ ഡോ. ബി ആർ അംബേദ്കറുടെ 133–-ാം ജന്മവാർഷികദിനത്തിൽ ദളിത് ശോഷൺ മുക്തി മഞ്ച് (ഡിഎസ്എംഎം) പാർലമെന്റ് സ്ട്രീറ്റിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യം ഇപ്പോൾ ഭരിക്കുന്നവരുടെ ലക്ഷ്യം ഭരണഘടന അട്ടിമറിക്കലാണ്. പുരാതനകാലംമുതൽ ഇന്ത്യയിൽ ജനാധിപത്യം ഉണ്ടായിരുന്നെന്നാണ് മോദി സർക്കാർ പറയുന്നത്. രാജാവിനുമാത്രം എല്ലാ ആനുകൂല്യവും ലഭിച്ചിരുന്ന സംവിധാനത്തെയാണ് ഇവർ ജനാധിപത്യം എന്ന് വിശേഷിപ്പിക്കുന്നത്. സാമൂഹ്യഅനീതി രൂക്ഷമാക്കുന്ന നിലവിലെ നയങ്ങൾക്കെതിരെ ശക്തമായ മുന്നേറ്റം ഉണ്ടാകണമെന്നും യെച്ചൂരി പറഞ്ഞു.
പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട്, ഡിഎസ്എംഎം സംസ്ഥാന സെക്രട്ടറി നത്തു പ്രസാദ് എന്നിവരും സംസാരിച്ചു. ജനനാട്യ മഞ്ച് പ്രവർത്തകർ തെരുവുനാടകം അവതരിപ്പിച്ചു. പാർലമെന്റ് വളപ്പിലെ അംബേദ്കർ പ്രതിമയിൽ രാഷ്ട്രപതി ദ്രൗപദി മുർമു, ഉപരാഷ്ട്രപതി ജഗദീപ് ദങ്കർ, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയവർ പുഷ്പാർച്ചന നടത്തി.