തിരുവനന്തപുരം> ട്രെയിൻ തീവെപ്പ് കേസിലെ പ്രതിക്ക് ഡിഫൻസ് കൗൺസിൽ സേവനം ലഭ്യമാക്കാനുള്ള കോഴിക്കോട് ഡിഎൽഎസ്എ (ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി) തീരുമാനം ഉടൻ പുന:പരിശോധിക്കണമെന്നും കെഇഎസ്എ ഈ വിഷയം സമഗ്രമായി പരിശോധിക്കണമെന്നും ആൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു.
മൂന്ന് നിരപരാധികളുടെ മരണത്തിന് ഇടയാക്കിയ സമൂഹ മനസാക്ഷിയെ ഞെട്ടിച്ച സംഭവമാണ് ഏലത്തൂർ ട്രെയ്ൻ തീവെപ്പ് കേസ്. പ്രതിയെ രണ്ട് ദിവസത്തിനകം ശാസ്ത്രീയ അന്വേഷണത്തിലൂടെ ശ്രമകരമായി പോലീസ് അറസ്റ്റ് ചെയ്തു. അന്വേഷണം കാര്യക്ഷമമായി പുരോഗമിക്കുകയാണ്. എന്നാൽ കോഴിക്കോട് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി ഈ പ്രതിക്ക് ഡിഫൻസ് കൗൺസിലിന്റെ സേവനം സൗജന്യമായി ഏർപ്പാടാക്കിയിരിക്കുന്നു. ഇത് സംബന്ധിച്ച വാർത്തകൾ പൊതു സമൂഹം ഞെട്ടലോടെയാണ് ശ്രവിച്ചത്.
ജില്ലയിലെ ചീഫ് ലീഗൽ ഡിഫൻസ് കൗൺസിൽ അഡ്വ പീതാംബരനാണ് കോഴിക്കോട് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ പ്രതിയായ ഷാറൂഖ് സെയ്ഫിക്കായി ജാമ്യാപേക്ഷ നൽകിയത്. ആദ്യ റിമാന്റ് കാലാവധി പോലും പൂർത്തിയാക്കും മുൻപാണ് ലീഗൽ സർവീസസ് അതോറിറ്റിയുടെ ധൃതി പിടിച്ച ഈ നടപടി. പ്രോസിക്യൂഷൻ നടത്തിപ്പ് സ്റ്റേറ്റിന്റെ ഉത്തരവാദിത്വമാണ്. എന്നാൽ ലീഗൽ സർവീസസ് അതോറിറ്റി മുഖേനെ പ്രതികൾക്ക് സൗജന്യ നിയമ സഹായം നൽകുന്നത് സ്റ്റാറ്റ്യൂട്ടറി നിബന്ധനകൾ പാലിച്ച് മാത്രമാണ്.
ലീഗൽ സർവീസസ് അതോറിറ്റി നിയമ പ്രകാരം ദുർബലവിഭാഗങ്ങൾ, നിർദ്ധനർ തുടങ്ങി നീതിന്യായ സംവിധാനത്തിന്റെ സേവനം അവശ്യം വേണ്ടവർക്ക് മാത്രമായിരിക്കണം. നിയമ പ്രകാരം സഹായത്തിന് അർഹരായവർക്ക് സേവനം നൽകുന്നതിന് പകരം പ്രതിയായി വരുന്ന എല്ലാവർക്കും സേവനം നൽകണമെന്ന് National Legal Services Authority ആവിഷ്കരിച്ച മാനദണ്ഡങ്ങളിലോ നിയമത്തിലോ നിഷ്കർഷിക്കുന്നില്ല.
ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫി ഏതെങ്കിലും മാനദണ്ഡ പ്രകാരം സൗജന്യ നിയമ സേവനത്തിന് അർഹനാണോ എന്ന വിലയിരുത്തൽ നടത്തിയ ശേഷമായിരിക്കണം ഡിഫൻസ് കൗൺസിൽ സേവനം അനുവദിക്കേണ്ടത്. പ്രതിയെ സംബന്ധിച്ച മുഴുവൻ വിവരങ്ങളും ഇനിയും വ്യക്തമായിട്ടില്ല. അങ്ങേയറ്റം ഹീനമായ ഒരു കേസിലെ പ്രതിക്ക് അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടം പോലും പിന്നിടും മുൻപ് അടിയന്തിര നിയമ സഹായം സ്റ്റേറ്റ് (ലീഗൽ സർവീസസ് അതോറിറ്റി) ചിലവിൽ നൽകുന്നത് വിരോധാഭാസമാണ്. ഇത് ഈ സംവിധാനത്തിന്റെ ദുരുപയോഗമാണ് എന്ന സന്ദേശമാണ് നൽകുക ആൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ സംസ്ഥാന സെക്രട്ടറി അഡ്വ. സി പി പ്രമോദ് പറഞ്ഞു.