തിരുവനന്തപുരം> വിദേശ രാജ്യങ്ങളുടെ മാതൃകയിൽ പഠനത്തോടൊപ്പം ജോലി എന്ന ആശയം കേരളത്തിലും ഉടൻ യാഥാർഥ്യമാകുമെന്നും സർക്കാർതലത്തിൽ ഇതിന് നടപടി ആരംഭിച്ചതായും മുഖ്യമന്ത്രി പിണറായി വിജയൻ. ഉപരിപഠനത്തിന് ധാരാളം വിദ്യാർഥികൾ വിദേശത്ത് പോകുന്ന കാലമാണിത്. ഇക്കാര്യത്തിൽ ഉൽക്കണ്ഠ ആവശ്യമില്ല. ലോകത്തുണ്ടാകുന്ന മാറ്റങ്ങളുടെ ഭാഗമാണിത്. ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസത്തിനായി വിദേശ വിദ്യാർഥികൾ വൈകാതെ കേരളത്തിലേക്കും എത്തുമെന്നും മുഖ്യമന്ത്രിയുടെ പ്രതിവാര ടെലിവിഷൻ സംവാദ പരിപാടി ‘നാം മുന്നോട്ടി’ന്റെ പുതിയ എപ്പിസോഡിൽ അദ്ദേഹം പറഞ്ഞു.
കേരളത്തിൽനിന്ന് നാലു ശതമാനത്തോളം വിദ്യാർഥികൾ വർഷം ഉപരിപഠനത്തിനു വിദേശരാജ്യങ്ങളിൽ പോകുന്നുവെന്നാണ് കണക്ക്. മറ്റു സംസ്ഥാനങ്ങളിലെ നിരക്ക് ഇതിനേക്കാൾ കൂടുതലാണ്. ലോകം കുട്ടികളുടെ കൈയിലാണ്. ഉപരിപഠനത്തിന് എവിടെ പോകണമെന്നും ഏതു സ്ഥാപനത്തിൽ പഠിക്കണമെന്നും ചേറുപ്പം മുതലേ അവരുടെ മനസിലുണ്ട്. മാറുന്ന കാലത്തിനനുസരിച്ചു കുട്ടികൾക്ക് ലോകകാര്യങ്ങൾ അതിവേഗം ഉൾക്കൊള്ളാനും കഴിയുന്നുണ്ട്. അതിന്റെ ഭാഗമായി അവർ സംസ്ഥാനത്തിനു പുറത്തേക്കും രാജ്യത്തിനു പുറത്തേക്കും പഠനത്തിനും ജോലിക്കും പോകാൻ തൽപ്പരരുമാണ്.
ഉന്നത വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തി കേരളത്തിൽ ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ യാഥാർഥ്യമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. അതിനുള്ള നടപടി പുരോഗമിക്കുകയാണ്. പഠനത്തോടൊപ്പം ജോലി, തൊഴിൽ നൈപുണ്യ വികസനം തുടങ്ങിയ ആശയങ്ങൾ ഏറെ ഗൗരവമായാണ് സർക്കാർ കാണുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളിൽ കോഴ്സുകളുമായി ബന്ധപ്പെട്ട വ്യവസായങ്ങൾ കൊണ്ടുവരാൻ കഴിഞ്ഞാൽ കുട്ടികൾക്ക് നേരിട്ട് അതുമായി ബന്ധപ്പെടാനാകും. അതിനുള്ള നീക്കം നടക്കുകയാണ്. അക്കാദമിക് നിലവാരവും അടിസ്ഥാന സൗകര്യങ്ങളും ശാക്തീകരിക്കുന്നതോടെ വിദേശത്തുനിന്ന് പഠനത്തിനായി ഇവിടേക്കും വിദ്യാർഥികൾ വരും. നമ്മുടെ കാലാവസ്ഥയും പ്രകൃതിയും ക്രമസമാധാന നിലയുമൊക്കെ ഇതിന് അനുകൂലമാണ്. ഇതു മുൻനിർത്തിയുള്ള നടപടി ആരംഭിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
നാം മുന്നോട്ട്: സംപ്രേഷണം 16 മുതൽ
മുഖ്യമന്ത്രിയുടെ പ്രതിവാര ടെലിവിഷൻ സംവാദ പരിപാടി ‘നാം മുന്നോട്ട്’ 16 മുതൽ സംപ്രേഷണം ചെയ്യും. ജോൺ ബ്രിട്ടാസ് എംപിയാണ് അവതാരകൻ. മുൻ ചീഫ് സെക്രട്ടറി ഡോ. കെ ജയകുമാർ, കേരള സർവകലാശാല ഹിന്ദി വിഭാഗം മേധാവി ഡോ. എസ് ആർ ജയശ്രീ, കെ-ഡിസ്ക് മെമ്പർ സെക്രട്ടറി ഡോ. പി വി ഉണ്ണിക്കൃഷ്ണൻ, ഫെഡറൽ ബാങ്ക് ബോർഡ് ചെയർമാൻ സി ബാലഗോപാൽ, ചലച്ചിത്ര താരം ഉണ്ണിമായ പ്രസാദ് എന്നിവർ പുതിയ എപ്പിസോഡിൽ പാനലിസ്റ്റുകളായി പങ്കെടുക്കുന്നു. ഇൻഫർമേഷൻ – പബ്ലിക് റിലേഷൻസ് വകുപ്പാണ് പരിപാടി നിർമിക്കുന്നത്.
സംപ്രേഷണ സമയം
ഏഷ്യാനെറ്റ് ന്യൂസ്: ഞായർ വൈകിട്ട് 6:30, മാതൃഭൂമി ന്യൂസ്: ഞായർ വൈകിട്ട് 8.30, കൈരളി ടിവി: ശനി പുലർച്ചെ 12.30 (പുനഃസംപ്രേഷണം ശനി രാവിലെ 6:30), കൈരളി ന്യൂസ്: – ഞായർ രാത്രി 9:30 (പുനഃസംപ്രേഷണം ബുധൻ വൈകിട്ട് 3:30), മീഡിയ വൺ: ഞായർ രാത്രി 7:30, കൗമുദി ടിവി: ശനി രാത്രി 8, 24 ന്യൂസ് ഞായർ വൈകിട്ട് 5.30 (പുനഃസംപ്രഷണം പുലർച്ചെ ഒരു മണി), ജീവൻ ടിവി: ഞായർ വൈകിട്ട് 7, ജയ്ഹിന്ദ് ടിവി: ബുധൻ വൈകിട്ട് 7, റിപ്പോർട്ടർ ടിവി: ഞായർ വൈകിട്ട് 6:30, ദൂരദർശൻ: ഞായർ രാത്രി 7:30, ന്യൂസ് 18: ഞായർ രാത്രി 8:30.