പാലക്കാട് > കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്സ്പ്രസ് പാലക്കാട് സ്റ്റേഷനിലെത്തി. ട്രെയിന് വൈകീട്ട് തിരുവനന്തപുരത്തെത്തും. 25 ന് പ്രധാനമന്ത്രി വന്ദേഭാരത് ഫ്ലാഗ് ഓഫ് ചെയ്യുമെന്നാണ് വിവരം. ഇന്ത്യയുടെ സ്വന്തം സെമി ഹൈസ്പീഡ് ട്രെയിനാണ് വന്ദേഭാരത്. പരമാവധി 180 കിലോ മീറ്ററാണ് ട്രെയിനിന്റെ വേഗത.
എന്നാൽ, ഇന്ത്യയിൽ ഒരിടത്തും ഈ വേഗത്തിൽ ഓടുന്നില്ല. 110 മുതൽ 130 കിലോമീറ്ററാണ് വേഗം. കൊല്ലം, കോട്ടയം, എറണാകുളം, ഷൊർണൂർ, കോഴിക്കോട് യാർഡുകളിൽ 15 കിലോമീറ്ററാണ് ട്രെയിനുകളുടെ പരമാവധി വേഗം. തിരുവനന്തപുരം–-കായംകുളം പാതയിൽ 90, കായംകുളം–-കോട്ടയം–-എറണാകുളം 90, കായംകുളം–-അമ്പലപ്പുഴ 100, അമ്പലപ്പുഴ–-തുറവൂർ 90, തുറവൂർ–-എറണാകുളം 80, അരൂർ റെയിൽവേ പാലം 60, എറണാകുളം–-ഷൊർണൂർ 90 (ആലുവ ഭാഗത്ത് 30) കിലോമീറ്റർവീതമാണ് റെയിൽവേയുടെ സ്ഥിരം വേഗനിയന്ത്രണമുള്ളത്. ട്രാക്കുകളുടെ ഉപയോഗം അടക്കം ഒട്ടേറെ സാങ്കേതികവസ്തുതകൾ പരിഗണിച്ചാണ് വേഗം നിശ്ചയിച്ചിട്ടുള്ളത്. ഇതുകൂടാതെ പാതയിൽ 36 ശതമാനത്തിലേറെ വളവുകളുമുണ്ട്. ഇത് രണ്ടും കണക്കിലെടുക്കുമ്പോൾ വന്ദേഭാരതിന് കേരളത്തിൽ ഒരിക്കലും 75 കിലോമീറ്ററിൽ കൂടുതൽ ശരാശരി വേഗം കൈവരിക്കാനാകില്ല.
തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്നാകും സർവീസ് ആരംഭിക്കുക. ദക്ഷിണ റെയിൽവേ ജനറൽ മാനേജർ വ്യാഴാഴ്ച തിരുവനന്തപുരത്ത് എത്തി സൗകര്യങ്ങൾ വിലയിരുത്തി. മൂന്ന് ദിവസം മുൻപ് പാലക്കാട് കണ്ണൂർ റൂട്ടിലും വ്യാഴാഴ്ച തിരുവനന്തപുരം കണ്ണൂർ റൂട്ടിലും വേഗത പരിശോധിക്കാൻ എൻജിനിൽ കോച്ച് ഘടിപ്പിച്ച് പരീക്ഷണ ഓട്ടം നടത്തി. കൊച്ചുവേളിയിലായിരിക്കും വന്ദേഭാരതിന്റെ അറ്റകുറ്റപ്പണികൾ നടത്തുക.