കൊച്ചി > ക്രൈസ്തവ ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുകൊണ്ട് സംഘപരിവാർ നടത്തുന്ന രാഷ്ട്രീയ നീക്കങ്ങൾക്കെതിരായി ക്രൈസ്തവ വിശ്വാസികളുടെ ഓൺലൈൻ കൂട്ടായ്മ. ആർഎസ്എസ് – ബിജെപി നയങ്ങളോടും രാഷ്ട്രീയ നീക്കങ്ങളോടും പരസ്യമായി കൂറ് പ്രഖ്യാപിച്ച് ചില ക്രൈസ്തവ മതമേലധ്യക്ഷന്മാർ രംഗത്ത് വന്ന സാഹചര്യത്തിലാണ് ക്രൈസ്തവ വിശ്വാസികളിൽ നിന്ന് തന്നെ പ്രതിഷേധ സ്വരം ഉയരുന്നതെന്നത് ശ്രദ്ധേയമാണ്.
ക്രൈസ്തവ സമൂഹങ്ങൾക്കിടയിൽ ഹൈന്ദവ ഫാഷിസത്തിന്റെ വേരുകൾ ആഴത്തിൽ ഉറപ്പിക്കാനുള്ള ശ്രമങ്ങൾ ശക്തിപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ഹിന്ദുത്വരാഷ്ട്രീയത്തോട് സന്ധിചെയ്യുന്ന ഒരു വിഭാഗം വംശഹത്യയുടെ പടുകുഴിയിലേക്കാണ് വിശ്വാസി സമൂഹത്തെ ആനയിക്കുന്നതെന്നും സംഘാടക സമിതി പുറപ്പെടുവിച്ച പ്രസ്താവനയിൽ പറയുന്നു.
ആർഎസ്എസ് – ബിജെപി അനുകൂല നിലപാട് സ്വീകരിച്ച ആർച്ച് ബിഷപ്പ് ആലഞ്ചേരിക്കെതിരെ പരസ്യമായി രംഗത്ത് വന്ന സീറോ മലബാർ സഭയുടെ മുൻ വക്താവ് കൂടിയായ ഫാദർ പോൾ തേലക്കാട്ട് ആണ് ഈ ഓൺലൈൻ മീറ്റിംഗിൽ ആമുഖ പ്രഭാഷണം നടത്തുന്നതെന്നത് സഭയ്ക്കുള്ളിൽ ശക്തമായ സംഘപരിവാർ വിരുദ്ധ നിലപാട് രൂപപ്പെടുന്നതിന്റെ സൂചനയായി വിലയിരുത്തപ്പെടുന്നുണ്ട്.
ബെൻസ്റ്റൻ ജോൺ (സെന്റ്. സ്റ്റീഫൻസ് കോളേജ്, ന്യൂഡൽഹി), റവ. ഡോ. വിജി വർഗീസ് ഈപ്പൻ (സിഎസ്ഐ മദ്ധ്യ കേരള മഹായിടവക), ക്ഷേമ ശാന്തി വർഗീസ് (ആഴി ആർക്കൈവ്സ്, കൊച്ചി) എന്നിവരാണ് മറ്റ് പ്രഭാഷകർ. നാളെ വൈകിട്ട് എട്ട് മണി മുതൽ 10 മണി വരെ നടക്കുന്ന യോഗത്തിൽ ഷിബി പീറ്റർ അധ്യക്ഷത വഹിക്കും. സ്റ്റുഡന്റ് ക്രിസ്ത്യൻ മൂവ്മെന്റിന്റെ മുൻകാല പ്രവർത്തകരുടെ കൂട്ടായ്മയാണ് ഈ മീറ്റിംഗിന്റെ സംഘാടനം നിർവഹിക്കുന്നത്. ചുവടെ നൽകിയിട്ടുള്ള ഐഡിയിലൂടെ ഈ മീറ്റിംഗിൽ ആർക്കും പങ്കെടുക്കാമെന്ന് സംഘാടകർ അറിയിക്കുന്നു.
Meeting ID: 856 5902 7759
Passcode: 855794