തിരുവനന്തപുരം> ജനാധിപത്യമൂല്യങ്ങളിലും നീതിയിലും അധിഷ്ഠിതമായ ഒരു സമൂഹസൃഷ്ടിക്കായി അശ്രാന്തം പരിശ്രമിച്ച വ്യക്തിയാണ് ഡോ. ഭീംറാവു അംബേദ്കറെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണഘടനാ ശില്പിയായ ഡോ. ഭീംറാവു അംബേദ്കറുടെ ജന്മദിനമായ ഇന്ന് ഫേസ്ബുക്കിലാണ് മുഖ്യമന്ത്രി കുറിപ്പ് പങ്കുവെച്ചത്.
ജാതിവ്യവസ്ഥയ്ക്കെതിരെ അദ്ദേഹം നടത്തിയ പോരാട്ടങ്ങൾ ഇന്നും നമുക്ക് പ്രചോദനം പകരുന്നവയാണ്. ജനാധിപത്യത്തിലും മതേതരത്വത്തിലും തുല്യനീതിയിലും അധിഷ്ഠിതമായ ഭരണഘടന നിർമ്മിക്കാൻ അദ്ദേഹം നേതൃത്വം നൽകി.
എന്നാൽ വർഗീയതയുൾപ്പെടെയുള്ള പലതരം വിഭാഗീയ ആശയങ്ങൾ ഭരണഘടനയുടെ നിലനില്പിനു ഭീഷണിയായി മാറിയിരിക്കുന്ന ഒരു സാഹചര്യമാണ് ഇപ്പോഴുള്ളത്. അതിനെതിരെ ജനാധിപത്യവാദികൾ ഒന്നടങ്കം ശക്തമായി മുന്നോട്ടുവരേണ്ട സന്ദർഭമാണിത്. അംബേദ്കറിന്റെ സ്മരണകൾ ആ സമരത്തിനു കരുത്തു പകരും. ജാതി വിവേചനത്തിനും വർഗീയ രാഷ്ട്രീയത്തിനും തുടങ്ങി എല്ലാത്തരം അടിച്ചമർത്തലുകൾക്കും എതിരെ നമുക്ക് ഒന്നിച്ചു നിൽക്കാം. ഏവർക്കും അംബേദ്കർ ജയന്തി ആശംസകൾ നേരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.