തിരുവനന്തപുരം
ആശ്രിത നിയമനങ്ങൾവരെ തൊഴിൽദാനമെന്ന മട്ടിൽ അവതരിപ്പിച്ച് പ്രധാനമന്ത്രി റോസ്ഗാർ മേള. വിവിധ പൊതുമേഖലാസ്ഥാപനങ്ങളിൽ നടന്ന റിക്രൂട്ട്മെന്റിലൂടെ തെരഞ്ഞെടുത്തവർക്കാണ് മേളയിൽ നിയമനക്കത്ത് നൽകിയത്. യുപിഎസ്സി, എസ്എസ്സി, റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് തുടങ്ങിയ ഏജൻസികൾ വഴി എല്ലാ വർഷവും നടക്കുന്ന സ്ഥിരംനിയമനങ്ങളാണ് കേന്ദ്ര ദാനമാക്കി ജനങ്ങളെ കബളിപ്പിക്കുന്നത്.
മേളയ്ക്കായി പല റിക്രൂട്ട്മെന്റ് നടപടികളും ദീർഘനാളായി മരവിപ്പിച്ചിരുന്നതായും ഉദ്യോഗാർഥികൾ പറയുന്നു. ലക്ഷക്കണക്കിന് കേന്ദ്ര തസ്തികകൾ ഒഴിഞ്ഞുകിടക്കുമ്പോഴാണ് 45 സ്ഥലത്തായി 71,000 പേർക്ക് നിയമനം നൽകിയെന്ന് വീമ്പുപറയുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിലൂടെയാണ് റോസ്ഗാർ മേള ഉദ്ഘാടനം ചെയ്തത്. തിരുവനന്തപുരത്ത് നടന്ന മേളയിൽ 210 പേർക്ക് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ നിയമന ഉത്തരവ് നൽകി.