റായ് പൂർ> ഛത്തീസ്ഗഢിൽ ക്രിസ്ത്യൻ, മുസ്ലിം വിഭാഗങ്ങളെ സാമൂഹികവും സാമ്പത്തികവുമായി ബഹിഷ്കരിക്കാൻ പ്രതിജ്ഞയെടുത്ത് സംഘപരിവാർ. ബസ്തർ ജില്ലയിലെ ജഗദൽപുരിൽ വിഎച്ച്പി, ബിജെപി നേതാക്കൾ നേതൃത്വം നൽകിയ പരിപാടിയിലാണ് വിദ്വേഷ പ്രഖ്യാപനമുണ്ടായത്. മുസ്ലിങ്ങളിൽനിന്നും ക്രിസ്ത്യാനികളിൽനിന്നും സാധനങ്ങൾ വാങ്ങില്ല, ഭൂമി വിൽക്കുകയോ വാടകയ്ക്ക് കൊടുക്കുകയോ ചെയ്യില്ല എന്നാണ് ഇവർ പ്രതിജ്ഞ എടുത്തത്.
നടുറോഡിൽ കൂടിനിന്ന് ബഹിഷ്കരണ പ്രതിജ്ഞ എടുക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ഇവിടെ, ബിരാൻപുർ ഗ്രാമത്തിൽ രണ്ടു സമുദായങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ ഒരു യുവാവ് കൊല്ലപ്പെട്ടതിനു പിന്നാലെയാണ് സംഘപരിവാർ വിദ്വേഷ പരിപാടിയുമായി രംഗത്തെത്തിയത്.















