തിരുവനന്തപുരം
കെട്ടിട നികുതിയുമായി ബന്ധപ്പെട്ട പ്രചാരണം തെറ്റിദ്ധാരണ പരത്തുന്നത്. 670 ചതുരശ്ര അടിവരെയുള്ള പുതിയ കെട്ടിടങ്ങൾക്ക് വസ്തുനികുതി ഒഴിവാക്കിയിട്ടുണ്ട്. നേരത്തേ 333 ചതുരശ്ര അടിവരെയുള്ള ബിപിഎൽ കുടുംബങ്ങൾക്ക് മാത്രമായിരുന്നു ഇളവ്. കുറഞ്ഞ സ്ലാബുകളെ നികുതി വർധന ബാധിക്കില്ല. വില്ലകൾക്കും ആഡംബര കെട്ടിടങ്ങൾക്കുമാണ് വർധന ബാധകമാകുക.
സാധാരണക്കാരുടെ വീടുകൾക്കുള്ള വസ്തുനികുതിയെ പുതുക്കിയ ഘടന ബാധിക്കില്ല. പഞ്ചായത്തി രാജ് വ്യവസ്ഥ പ്രകാരം കെട്ടിടങ്ങൾക്ക് അഞ്ചു വർഷം കൂടുമ്പോൾ 25 ശതമാനം വസ്തുനികുതി വർധിപ്പിക്കണം. പുതുതായി നിർമിക്കുന്ന കെട്ടിടങ്ങൾക്കുള്ള വസ്തുനികുതി നിരക്കിന്റെ സ്ലാബ് സർക്കാർ അഞ്ചു വർഷം കൂടുമ്പോൾ പുതുക്കുകയും വേണം. ആ സ്ലാബിന്റെ അടിസ്ഥാനത്തിൽ നിശ്ചിത നിരക്ക് അതത് തദ്ദേശ സ്ഥാപനങ്ങളാണ് നിശ്ചയിക്കേണ്ടത്. ഇത് മുൻ നിരക്കിനേക്കാൾ ചുരുങ്ങിയത് അഞ്ചു ശതമാനത്തിലധികം ആകണമെന്നും വ്യവസ്ഥയുണ്ട്.
പഞ്ചായത്തുകളിൽ 2018ലും നഗരസഭകളിൽ 2021ലും നിലവിലുള്ള കെട്ടിടങ്ങളുടെ വസ്തുനികുതി 25 ശതമാനം നിയമപ്രകാരം വർധിപ്പിക്കേണ്ടിയിരുന്നു. പ്രളയവും കോവിഡും കാരണം ആ വർഷങ്ങളിൽ നികുതി വർധിപ്പിച്ചില്ല. ഈ യാഥാർഥ്യം മറച്ചുവച്ചാണ് പുതിയ കെട്ടിട നികുതിയിൽ വൻ വർധന എന്ന് സ്ഥാപിക്കാൻ ചില മാധ്യമങ്ങൾ ശ്രമിക്കുന്നത്.