തിരുവനന്തപുരം
കോർ പ്ലസ് എന്ന പേരിൽ സ്വന്തംപക്ഷക്കാരെ കോർ കമ്മിറ്റിയിൽ തിരുകിക്കയറ്റാനുള്ള നീക്കം പൊളിഞ്ഞത് വി മുരളീധരന് വൻ തിരിച്ചടിയായി. ഭാരവാഹിയോഗത്തിൽ പ്രഭാരി പ്രകാശ് ജാവ്ദേക്കറുടെ സാന്നിധ്യത്തിൽ വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രൻ പൊട്ടിത്തെറിച്ചതോടെയാണ് ഔദ്യോഗികപക്ഷ നീക്കങ്ങൾ പാളിയത്.
പ്രധാനമന്ത്രിയുടെ പരിപാടി വിജയിപ്പിക്കാൻ കൊച്ചിയിൽ ചേർന്ന കോർ കമ്മിറ്റി യോഗത്തിന്റെ ഭാഗമായി പ്രത്യേക ക്ഷണിതാക്കൾ എന്ന നിലയിലാണ് ചിലരെ മുരളീധരനും സുരേന്ദ്രനും ചേർന്ന് വിളിച്ചുവരുത്തിയത്. കെ എസ് രാധാകൃഷ്ണൻ, അൽഫോൺസ് കണ്ണന്താനം എന്നിവരെ കേന്ദ്രനേതൃത്വം ക്ഷണിച്ചതാണ്. എന്നാൽ, പ്രഫൂൽ കൃഷ്ണ, നിവേദിത, വി വി രാജേഷ്, അനീഷ്കുമാർ എന്നിവരെ ക്ഷണിച്ചതിനു പിന്നിൽ എറണാകുളത്തെ പരിപാടി വിജയിപ്പിക്കൽ മാത്രമല്ലെന്ന് മുരളി വിരുദ്ധർക്ക് മനസ്സിലായി. ഇതോടെ വാർത്ത പുറത്തുവിട്ട ഇവർ ആർഎസ്എസ് അടക്കം ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ പരാതി എത്തിച്ചു.
മുരളീധരന്റെ പെട്ടി തൂക്കുന്നതുകൊണ്ടാണ് സുരേന്ദ്രൻ അധ്യക്ഷനായി തുടരുന്നതെന്നും ജനങ്ങളുമായി ബന്ധമുള്ളവരെ പാർടിക്ക് വേണ്ടെന്നും ശോഭ സുരേന്ദ്രൻ ഭാരവാഹി യോഗത്തിൽ തുറന്നടിച്ചു. ആറ്റിങ്ങലിൽ രണ്ടരലക്ഷം വോട്ട് നേടിയ തന്നെയല്ല 90,000 വോട്ടാക്കി വൻ തകർച്ച വരുത്തിവച്ച ചിലരെയാണ് മത്സരിക്കാൻ പരിഗണിക്കുന്നതെന്നും മുരളീധരനെ ഉദ്ദേശിച്ച് അവർ പറഞ്ഞു. മുരളീധരൻ പക്ഷക്കാരെമാത്രം വച്ച് കോർ കമ്മിറ്റി വിപുലീകരിക്കാനുള്ള നീക്കം വാർത്തയായതതോടെ പ്രഭാരിതന്നെ ഇടപെട്ട് നിഷേധക്കുറിപ്പ് ഇറക്കാൻ നിർദേശിക്കുകയായിരുന്നു. ശോഭാ സുരേന്ദ്രൻ യോഗത്തിൽ പറഞ്ഞതായി പ്രചരിക്കുന്നവ സത്യമല്ലെന്ന് പ്രഭാരി പ്രകാശ് ജാവ്ദേക്കർ പറഞ്ഞു