കൊച്ചി
“ഒന്നുകിൽ പ്രവർത്തിക്കാൻ അനുവദിക്കണം, അല്ലെങ്കിൽ പുറത്താക്കണം’ – കൊച്ചിയിൽ ബുധനാഴ്ച ബിജെപി സംസ്ഥാന ഭാരവാഹിയോഗത്തിൽ നേതൃത്വത്തിനെതിരെ ശോഭ സുരേന്ദ്രന്റെ രൂക്ഷവിമർശം. വി മുരളീധരന്റെയും പ്രഭാരി പ്രകാശ് ജാവഡേക്കറുടെയും സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെയും മുന്നിലാണ് സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രൻ പ്രതികരിച്ചത്. വി മുരളീധരൻ സംസ്ഥാന പ്രസിഡന്റാവുന്നതിനുമുമ്പ് രണ്ടുതവണ മഹിളാ മോർച്ച പ്രസിഡന്റായതാണ് താൻ. പിന്നീട് അഞ്ചംഗ ദേശീയ സമിതിയിൽ അംഗമായപ്പോൾ തിരിച്ചുവിളിച്ചാണ് സംസ്ഥാന വൈസ് പ്രസിഡന്റാക്കി ഒതുക്കിയത്.
സുരേന്ദ്രൻ യുവമോർച്ച പ്രസിഡന്റ് സ്ഥാനത്തുനിന്ന് പാർടി ജനറൽ സെക്രട്ടറിയും പ്രസിഡന്റുമായി. മുരളീധരന്റെ താൽപ്പര്യപ്രകാരമാണ് തന്നെ ഒതുക്കിയത്. തൃശൂരിൽ അമിത് ഷാ വന്നപ്പോൾ സംസ്ഥാന വൈസ് പ്രസിഡന്റായ തന്നെമാത്രം സദസ്സിലിരുത്തി അപമാനിച്ചു. മുരളീധരനുവേണ്ടിയാണ് സുരേന്ദ്രൻ ഇത് ചെയ്തത്–-ശോഭ പറഞ്ഞു.
ശോഭയുടെ വിമർശം മാധ്യമങ്ങളിൽ വാർത്തയായതോടെ അവർ യോഗത്തിൽ ഒരു വാക്കുപോലും സംസാരിച്ചില്ലെന്ന് ജാവഡേക്കർ രാത്രി പ്രസ്താവനയിറക്കി.