കൊച്ചി
അമേരിക്കയിൽ കമ്യൂണിസ്റ്റുകാരെ വേട്ടയാടിയ മക്കാർത്തിയിസത്തിന്റെ രീതി ഇന്ത്യയിലും പ്രയോഗിക്കാൻ ശ്രമിക്കുകയാണെന്ന് റിട്ട. ജസ്റ്റിസ് ജെ ചന്ദ്രു. ഭരണകൂടത്തിന് അനഭിമതരായവരെ പ്രസിഡന്റിന്റെ പ്രീതി (പ്ലഷർ) ഉപയോഗിച്ച് നേരിടാനാണ് നോക്കുന്നത്. കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ (കെജിഒഎ) സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി സംഘടിപ്പിച്ച ‘ജുഡീഷ്യറി, ഭരണഘടന, ജനാധിപത്യം’ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യ സാമൂഹ്യ–-സാമ്പത്തിക സ്വാതന്ത്ര്യമില്ലാത്ത രാജ്യമായി മാറുകയാണ്. ഇതിനായി ഭരണഘടനയെ തെറ്റായി വ്യാഖ്യാനിക്കുന്നു. ബ്രിട്ടനിൽ നിലനിന്നിരുന്ന രാജപ്രീതി സിദ്ധാന്തം ഇന്ത്യയിൽ മറ്റൊരു രീതിയിൽ നടപ്പാക്കുകയാണ്. ഭരണകൂടത്തെ അനുകൂലിച്ചതിന്റെ പേരിൽ ജസ്റ്റിസ് വിക്ടോറിയ ഗൗരിയെ മദ്രാസ് ഹൈക്കോടതിയിൽ നിയമിച്ചതും വിമർശിച്ച രണ്ടുപേർക്ക് നിയമനം നൽകാത്തതും ഇതിന്റെ ഉദാഹരണമാണെന്ന് ജസ്റ്റിസ് ജെ ചന്ദ്രു പറഞ്ഞു.
ഭരണഘടന വിഭാവനം ചെയ്യുന്നവിധം ജനാധിപത്യ മതനിരപേക്ഷ റിപ്പബ്ലിക്കായി തുടരുമോ എന്ന വെല്ലുവിളി ഇന്ത്യ നേരിടുകയാണെന്ന് സെമിനാറിൽ സംസാരിച്ച ലോക്സഭാ മുൻ സെക്രട്ടറി പി ഡി ടി ആചാരി പറഞ്ഞു. ഭരണഘടനയുടെ അടിസ്ഥാനഘടനപോലും മാറ്റി രാജ്യം പ്രസിഡൻഷ്യൽ രീതിയിലുള്ള ഭരണക്രമത്തിലേക്ക് പോകുന്നതിനും മതരാഷ്ട്രമാക്കാനും സാധ്യതയുണ്ട്. നിലവിലുള്ള കേന്ദ്രസർക്കാർ ചെയ്യുന്ന ഓരോ കാര്യവും ഇതിനുള്ള സാധ്യതയിലേക്ക് വിരൽചൂണ്ടുന്നതായി അദ്ദേഹം പറഞ്ഞു.
ജനാധിപത്യം നിലനിൽക്കണമെങ്കിൽ ജനങ്ങളുടെ കൂട്ടായ പ്രതിരോധം ഉണ്ടാകണമെന്ന് ഡോ. സെബാസ്റ്റ്യൻ പോൾ പറഞ്ഞു. ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങളിൽ മാറ്റം വരുത്താൻ പാർലമെന്റിനുപോലും അധികാരമില്ലെന്ന് 1973ലാണ് കേശവാനന്ദ ഭാരതി കേസിൽ സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്. എന്നാൽ, രണ്ടുവർഷത്തിനുള്ളിൽ രാജ്യത്ത് ജനാധിപത്യം അട്ടിമറിച്ച് അടിയന്തരാവസ്ഥ അടിച്ചേൽപ്പിച്ചു.
കെജിഒഎ സംസ്ഥാന പ്രസിഡന്റ് ഡോ. എം എ നാസർ അധ്യക്ഷനായി. സിപിഐ എം തൃപ്പൂണിത്തുറ ഏരിയ സെക്രട്ടറി പി വാസുദേവൻ, തൃപ്പൂണിത്തുറ മുനിസിപ്പൽ ചെയർപേഴ്സൺ രമ സന്തോഷ്, ഡോ. എസ് ആർ മോഹനചന്ദ്രൻ, പി വി ജിൻരാജ്, പി പി സുധാകരൻ, എ എസ് സുമ, ടി എൻ മിനി എന്നിവർ സംസാരിച്ചു.