കൊച്ചി
പൊതുമേഖലാസ്ഥാപനങ്ങളിൽ റിക്രൂട്ട്മെന്റ് ബോർഡ് മുഖേന നിയമനം ലഭിച്ചത് പ്രധാനമന്ത്രിയുടെ തൊഴിൽമേളയിലൂടെ നൽകിയതാക്കാൻ ശ്രമം. ബാങ്കിങ് മേഖലയിൽ ഐബിപിഎസ്, റെയിൽവേയിൽ ആർആർബി, ആർആർസി റിക്രൂട്ട്മെന്റ് ബോർഡുകൾ എന്നിവ നിയമിച്ചവർക്കാണ് പ്രധാനമന്ത്രിയുടെ പ്രത്യേക പദ്ധതിയിൽ തൊഴിൽ നൽകിയതായി തെറ്റിദ്ധാരണ പരത്തുന്നത്. വ്യാഴാഴ്ച ഓൺലൈനായി നടക്കുന്ന പിഎം റോസ്ഗർ മേളയിൽ ഇവർക്ക് പ്രധാനമന്ത്രി നിയമനക്കത്ത് നൽകുമെന്നാണ് സ്ഥാപനങ്ങളുടെ അറിയിപ്പ്. കേരളത്തിൽ തിരുവനന്തപുരത്തും പാലക്കാടും ചടങ്ങുമുണ്ട്.
പന്ത്രണ്ട് പൊതുമേഖലാ ബാങ്കുകളിൽ ക്ലറിക്കൽ കേഡറിൽ 6000 ഒഴിവിലേക്ക് എഴുത്തുപരീക്ഷ കഴിഞ്ഞ് റാങ്ക് ലിസ്റ്റിൽ ഇടംനേടി മാസങ്ങളായി കാത്തിരിക്കുന്നവരിൽ ചിലർക്കും ഇങ്ങനെ കത്ത് നൽകിയിട്ടുണ്ട്. തിരുവനന്തപുരം റെയിൽവേ ഡിവിഷനിൽ 1898 ഒഴിവുകളിലേക്ക് ആർആർബി, ആർആർസി നിയമനത്തിന് തെരഞ്ഞെടുത്തതിൽ 840 പേരാണ് മേളയിൽ പങ്കെടുക്കേണ്ടത്. പട്ടികയിലുള്ള ആയിരത്തിലധികംപേർക്ക് അപ്പോഴും നിയമനമില്ല.
റെയിൽവേ സ്റ്റേഷൻ മാസ്റ്റർ, എസ്ഐ, കോൺസ്റ്റബിൾ, സ്റ്റെനൊഗ്രാഫർ, അസിസ്റ്റന്റ് പ്രൊഫസർ ഉൾപ്പെടെ 71,000 പേർക്കാണ് പ്രധാനമന്ത്രിയുടെ പ്രത്യേക താൽപ്പര്യപ്രകാരം നേരിട്ട് നിയമനക്കത്ത് നൽകുന്നതായി കേന്ദ്രസർക്കാർ പരസ്യം നൽകിയിരിക്കുന്നത്. എന്നാൽ, പ്രത്യേക പദ്ധതി നടപ്പാക്കുന്നുമില്ല. കാര്യമായ കേന്ദ്രസഹായമില്ലാത്ത സ്ഥാപനങ്ങളിലെ നിയമനമാണ് പ്രചാരണത്തിന് ഉപയോഗിക്കുന്നത്.
അപ്രഖ്യാപിത
നിയമനനിരോധനം
കേന്ദ്ര പൊതുമേഖലാ ബാങ്കുകളിൽ മൂന്നുലക്ഷം ക്ലർക്കുമാരുടെയും രണ്ടുലക്ഷം ഓഫീസർമാരുടെയും ഒഴിവുള്ളപ്പോഴാണ് നിയമന പ്രഹസനം. എസ്ബിഐ പോലും തുഛവേതനം നൽകി കരാർ, അപ്രന്റീസ് നിയമനം നടത്തുന്നു. നൂറുകണക്കിന് ജീവനക്കാർ വിരമിച്ചിട്ടും കനറാ ബാങ്ക് അപേക്ഷപോലും ക്ഷണിച്ചിട്ടില്ല. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ 10,000 രൂപ നൽകി 5000 ക്ലർക്കുമാരെ അപ്രന്റീസായി നിയമിക്കാൻ വിജ്ഞാപനമിറക്കി. റെയിൽവേയിൽ രണ്ടുലക്ഷത്തിലധികം ഒഴിവുകളുണ്ട്. ഡിവിഷനിൽ 1000 ഒഴിവുകൾ വന്നാൽ 500 എണ്ണം നിർത്തലാക്കും. ബാക്കിയുള്ളതിൽ 100 നിയമനം നടത്തി 400 ഒഴിവ് കണക്കാക്കും. രാത്രിപോലും ട്രെയിനുകളിൽ ആർപിഎഫും ടിടിഇയും ആവശ്യത്തിന് ഇല്ലാത്തത് സുരക്ഷാപ്രശ്നങ്ങൾ ഉണ്ടാക്കുമ്പോഴാണിത്. എച്ച്ഐഎൽപോലെ കേന്ദ്രപൊതുമേഖലാ വ്യവസായശാലകൾ അടച്ചുപൂട്ടി തൊഴിലാളികളെ തെരുവിലാക്കുന്നു.














