കണ്ണൂർ
ട്രെയിനിലെ തീവയ്പ് കേസ് പ്രതി ഷാറൂഖ് സെയ്ഫിനെ കണ്ണൂർ റെയിൽവേ സ്റ്റേഷനിലെത്തിച്ച് തെളിവെടുത്തു. ആലപ്പുഴ –- കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിന്റെ തീകൊളുത്തിയ ഡി 1, ഡി 2 കോച്ചിലെത്തിച്ച് 45 മിനിറ്റലധികമാണ് പ്രത്യേക അന്വേഷകസംഘം തെളിവെടുത്തത്.
ബുധനാഴ്ച വൈകിട്ട് നാലോടെയാണ് കോഴിക്കോട്ടുനിന്നും ഷാറൂഖിനെ കണ്ണൂരിൽ തെളിവെടുപ്പിന് എത്തിച്ചത്. തീവയ്പ് നടത്തിയശേഷം അതേ ട്രെയിനിൽ കണ്ണൂരിലെത്തിയ ഷാറൂഖ് ട്രെയിൻ ടിക്കറ്റെടുക്കുന്നതും ചായകുടിക്കുന്നതുമെല്ലാം സിസിടിവി കാമറയിലുണ്ട്. അതിനാൽ ഒന്നാം പ്ലാറ്റ്ഫോമിലും ഷാറൂഖിനെ എത്തിച്ച് തെളിവെടുത്തു. ഷാറൂഖിൽനിന്ന് വിവരങ്ങൾ ദൃശ്യങ്ങളായും അന്വേഷകസംഘം പകർത്തി.
പ്രത്യേക അന്വേഷകസംഘത്തലവൻ മലപ്പുറം ക്രൈംബ്രാഞ്ച് എസ്പി പി വിക്രമന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. കണ്ണൂർ സിറ്റി പൊലീസ് കമീഷണർ അജിത്കുമാറും ഒപ്പമുണ്ടായി. ഇന്ത്യ റിസർവ് ബറ്റാലിയൻ, ദ്രുതകർമസേന, ആർപിഎഫ് എന്നിവ ശക്തമായ സുരക്ഷയൊരുക്കി.
ഏപ്രിൽ രണ്ടിന് രാത്രിയാണ് ആലപ്പുഴ–- കണ്ണൂർ എക്സിക്യൂട്ടിവ് ട്രെയിനിൽ യാത്രക്കാരുടെമേൽ ഷാറൂഖ് പെട്രോളൊഴിച്ച് തീയിട്ടത്. എട്ടുപേർക്ക് പൊള്ളലേൽക്കുകയും കുഞ്ഞടക്കം മൂന്നുപേർ റെയിൽവേ ട്രാക്കിൽ വീണ് മരിക്കുകയും ചെയ്തിരുന്നു. മഹാരാഷ്ട്രയിലെ രത്നഗിരിയിൽവച്ചാണ് ഷാറൂഖിനെ പിടികൂടിയത്.














