ന്യൂഡൽഹി
ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി പ്രതിപക്ഷ ഐക്യത്തിനായി നിർണായക ചുവടുവയ്പ്. ഡൽഹിയിലെത്തിയ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായും രാഹുൽ ഗാന്ധിയുമായും ചർച്ച നടത്തി. ബിഹാർ ഉപമുഖ്യമന്ത്രിയും ആര്ജെഡി നേതാവുമായ തേജസ്വി യാദവ്, ജെഡിയു പ്രസിഡന്റ് ലാലൻ സിങ് എന്നിവരും പങ്കെടുത്തു. ചരിത്രപരമായ കൂടിക്കാഴ്ചയാണ് ഇതെന്ന് ഖാര്‍ഗെയും രാഹുലും പറഞ്ഞു. ബിജെപിക്കെതിരെ എല്ലാ പ്രതിപക്ഷ കക്ഷികളെയും ഒന്നിപ്പിക്കുന്നതിന് മുന്നോടിയായാണ് യോഗം. പ്രതിപക്ഷ കൂട്ടായ്മയുടെ നേതൃസ്ഥാനത്തേക്ക് കോൺഗ്രസിതര കക്ഷി നേതാവ് എത്താനുള്ള സാധ്യതയാണ് തെളിയുന്നത്.
പ്രതിപക്ഷ ഐക്യശ്രമങ്ങൾക്കുള്ള കമ്മിറ്റിയുടെ തലപ്പത്ത് കോൺഗ്രസിതര കക്ഷി നേതാവ് വേണമെന്നാണ് സമാജ്വാദി പാർടിയടക്കമുള്ള പ്രതിപക്ഷ കക്ഷികളുടെ നിലപട്. അടുത്ത ദിവസം അഖിലേഷിനെ നിതീഷ് സന്ദർശിക്കും. വിഷയത്തിൽ കൂടുതൽ ചർച്ചവേണമെന്ന നിലപാടാണ് കോൺഗ്രസിന്റേത്. പ്രധാനമന്ത്രി സ്ഥാനാർഥിയായി ആരെയും ഉയർത്തിക്കാട്ടാതെ ജനകീയ പ്രശ്നങ്ങളിലൂന്നി ബിജെപിയെ നേരിടുന്നതാണ് ഗുണകരമെന്ന് അഭിപ്രായം ഉയര്ന്നിട്ടുണ്ട്. സംസ്ഥാനതല ഐക്യം നിർണായകമായതിനാൽ കൂടുതൽ പാർടികളെ പങ്കെടുപ്പിച്ച് വൈകാതെ ഡൽഹിയിൽ യോഗം ചേർന്നേക്കും. ഒന്നിച്ചിരുന്ന് ചർച്ച ചെയ്യാൻ വിവിധ പാർടികൾ സമ്മതിച്ചിട്ടുണ്ടെന്നും വൈകാതെ പ്രതിപക്ഷ പാർടികൾ യോഗം ചേരുമെന്നും നിതീഷ് വ്യക്തമാക്കി. സുപ്രധാന ചുവടുവയ്പ് വരുംദിവസങ്ങളിൽ ഉണ്ടാകുമെന്ന് രാഹുൽ പറഞ്ഞു.നേതാക്കൾ ഖാർഗെയുടെ വസതിയിൽ ഉച്ചഭക്ഷണം കഴിച്ചു. ബുധനാഴ്ച വൈകിട്ട് നിതീഷും തേജസ്വിയാദവും എഎപി നേതാവ് അരവിന്ദ് കെജ്രിവാളുമായി കൂടിക്കാഴ്ച നടത്തി.















