തിരുവനന്തപുരം>ദുരിതാശ്വാസനിധി കേസ് മൂന്നംഗ പൂർണ ബെഞ്ചിന് വിട്ടത് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള റിവ്യൂഹർജി നിലനിലക്കില്ലെന്ന് വ്യക്തമാക്കിയ ലോകായുക്ത ഹർജി തള്ളി. കേസ് ഇന്ന് 2.30ന് ഫുൾബെഞ്ച് തന്നെ പരിഗണിക്കും. ഇതൊരു ചരിത്ര റിവ്യു ഹർജിയാണെന്ന് ഉപലോകായുക്ത പരിഹസിച്ചു. പരാതിക്കാരന്റെ വാദങ്ങൾ ദുർബലവും അടിസ്ഥാനമില്ലാത്തതുമാണെന്നും പറഞ്ഞു.
കേസിന്റെ സാധുത ഇനി പരിശോധിക്കരുതെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് ആർ എസ് ശശികുമാർ നൽകിയ ഹർജിയാണ് ലോകായുക്ത സിറിയക് ജോസഫും ഉപലോകായുക്ത ഹാറൂൺ അൽ റഷീദും തള്ളിയത്. പേടിച്ച് വിധിയെഴുതാൻ ഇരിക്കുന്നവരല്ല തങ്ങളെന്നും അവർ ഓർമ്മിപ്പിച്ചു.
കേസ് മൂന്നംഗ ഫുൾ ബെഞ്ചിന് വിട്ടതിനെതിരെ ഹർജിക്കാരൻ ചാനൽ ചർച്ചകളിൽ പങ്കെടുത്ത് ലോകായുക്ത സംവിധാനത്തിനും ജഡ്ജിമാർക്കുമെതിരെ മോശമായി സംസാരിച്ചിരുന്നു. ഇതിൽ ഹർജിക്കാരനെ ലോകായുക്ത ഇന്നലെ രൂക്ഷമായി വിമശിച്ചിരുന്നു. മുഖ്യമന്ത്രി ലോകായുക്തയെ സ്വാധീനിച്ചത് ഹർജിക്കാരൻ കണ്ടിട്ടുണ്ടോയെന്ന് ലോകായുക്ത സിറിയക് ജോസഫ്, ഉപലോകായുക്ത ഹാറൂൺ അൽ റഷീദ് എന്നിവർ തുറന്നു ചോദിച്ചു. തെളിവുണ്ടെങ്കിൽ ഹാജരാക്കാനും ആവശ്യപ്പെട്ടു. പേപ്പട്ടി വഴിയിൽനിന്ന് കുരയ്ക്കുമ്പോൾ വായിൽ കോലിട്ട് കുത്താൻ നിൽക്കാതെ മാറിപ്പോകുന്നതാണ് നല്ലതെന്നു കരുതി കൂടുതൽ പറയുന്നില്ലെന്നും ലോകായുക്ത പറഞ്ഞു.