കൊച്ചി
സുരേന്ദ്രൻപക്ഷക്കാരെ ഉൾപെടുത്തി ബിജെപി കോർകമ്മിറ്റി വിപുലീകരിക്കാനുള്ള നീക്കം വിവാദമായതിനെ തുടർന്ന് മരവിപ്പിച്ചു.
നരേന്ദ്രമോദി പങ്കെടുക്കുന്ന എറണാകുളത്തെ പരിപാടിയെക്കുറിച്ച് ആലോചിക്കാൻ ചേർന്ന ബിജെപി കോർകമ്മിറ്റി യോഗത്തിൽ നിലവിലുള്ള അംഗങ്ങളെക്കൂടാതെ ആറുപേരെക്കൂടി പങ്കെടുപ്പിച്ചതാണ് വിവാദമായത്. അൽഫോൺസ് കണ്ണന്താനം, ഡോ. കെ എസ് രാധാകൃഷ്ണൻ, വി വി രാജേഷ്, പ്രഫുൽ കൃഷ്ണ, നിവേദിത, കെ കെ അനീഷ്കുമാർ എന്നിവരാണ് പങ്കെടുത്തത്. അവരെ കോർകമ്മിറ്റിയിൽ ഉൾപ്പെടുത്തിയതായി സുരേന്ദ്രൻപക്ഷംതന്നെ ചാനലുകളിൽ വാർത്തയും നൽകി. യോഗം കഴിഞ്ഞതോടെ കൃഷ്ണദാസ്പക്ഷം പ്രഭാരി പ്രകാശ് ജാവദേക്കർ ഉൾപ്പെടെയുള്ളവരെകണ്ട് കടുത്ത വിയോജിപ്പ് അറിയിച്ചു. ശോഭ സുരേന്ദ്രൻ ഉൾപ്പെടെയുള്ളവരെ തഴഞ്ഞത് സമൂഹമാധ്യമങ്ങളിലടക്കം വാർത്തയായി. യോഗത്തിൽ എറണാകുളത്തുനിന്നുള്ള മുതിർന്ന അംഗങ്ങളെ ഗ്രൂപ്പ് നോക്കി ഒഴിവാക്കിയതിലും പരാതി ഉയർന്നു. ഇതോടെ, കോർകമ്മിറ്റി വിപുലീകരിച്ചതായ വാർത്ത ശരിയല്ലെന്നും നേരത്തേയുള്ള 12 പേർമാത്രമാണ് കമ്മിറ്റിയിലുള്ളതെന്നുംകാണിച്ച് വാർത്താക്കുറിപ്പും ഇറക്കി.