തിരുവനന്തപുരം
അരിക്കൊമ്പനുവേണ്ടിയുള്ള ജിപിഎസ് റേഡിയോ കോളർ ശേഖരിക്കാൻ അസമിലേക്ക് ഉദ്യോഗസ്ഥസംഘം പോകും. യൂണിഫോംഡ് ഉദ്യോഗസ്ഥരടക്കമുള്ള വനംവകുപ്പ് സംഘമാണ് അസമിലെ ഗുവാഹത്തിയിലേക്ക് പോകുക.
ഇതിനുള്ള ഉത്തരവ് അടുത്തദിവസം ഇറങ്ങും. തുടർന്നാകും ഉദ്യോഗസ്ഥസംഘം അസമിലെത്തി കോളർ വാങ്ങുക. റേഡിയോ കോളർ നൽകാൻ അസം സർക്കാരിന്റെ അനുമതിയായിട്ടുണ്ട്. ഇവ ലഭ്യമായശേഷം മിഷൻ അരിക്കൊമ്പന് തുടക്കമാകും. സാറ്റലൈറ്റ് സംവിധാനമുള്ള കോളറാണ് വനംവകുപ്പ് വാങ്ങുന്നത്. ഇതിലൂടെ ആനയുടെ സഞ്ചാരപാത അറിയാനാകും.
അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് എത്തിക്കണമെന്ന ഹൈക്കോടതി ഉത്തരവിൽ പ്രതിഷേധം തുടരുകയാണ്. ആനയെ പരിശീലനം നൽകി കുങ്കിയാന ആക്കുകയെന്നതുതന്നെയാണ് സംസ്ഥാന വനംവകുപ്പിന്റെ താൽപ്പര്യം. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതെ പ്രശ്നം പരിഹരിക്കാനുള്ള വകുപ്പിന്റെ നടപടിക്ക് ഹൈക്കോടതി നിർദേശം വിലങ്ങുതടിയാകുകയായിരുന്നു.