ഡൽഹി
ഐപിഎൽ ക്രിക്കറ്റിലെ മറ്റൊരു ത്രില്ലറിൽ മുംബൈ ഇന്ത്യൻസ് ആദ്യജയം കുറിച്ചു. ഡൽഹി ക്യാപിറ്റൽസിനെ ആറ് വിക്കറ്റിന് കീഴടക്കി. ഡൽഹിയുടെ നാലാംതോൽവിയാണ്. സ്കോർ: ഡൽഹി 172 (19.4), മുംബൈ 4–-173.
ക്യാപ്റ്റൻ രോഹിത് ശർമയുടെ അർധ സെഞ്ചുറിയാണ് മുംബൈ വിജയത്തിന് അടിത്തറയിട്ടത്. രോഹിത് 45 പന്തിൽ 65 റൺ നേടി. അതിൽ ആറ് ഫോറും നാല് സിക്സറും നിറഞ്ഞു. ഓസ്ട്രേലിയൻ താരങ്ങളായ ടിം ഡേവിഡും (11 പന്തിൽ 13) കാമറൂൺ ഗ്രീനും (8 പന്തിൽ 17) വിജയമൊരുക്കി. ആൻറിച്ച് നോർത്യേ എറിഞ്ഞ അവസാന ഓവറിൽ മുംബൈക്ക് ജയിക്കാൻ അഞ്ച് റൺ മതിയായിരുന്നു. കൃത്യമായി പന്തെറിഞ്ഞ ദക്ഷിണാഫ്രിക്കൻ പേസർ മുംബൈയെ വിറപ്പിച്ചു.
ആദ്യ പന്തിൽ കാമറൂൺ ഗ്രീൻ ഒരു റൺ നേടി. അടുത്ത പന്തിൽ ടിം ഡേവിഡിനെ മുകേഷ്കുമാർ പിടിച്ച് നിലത്തിട്ടു. മൂന്നാംപന്ത് തൊടാനായില്ല. നാലാംപന്തിൽ ഒരു റൺ. തകർപ്പൻ യോർക്കറായ അഞ്ചാംപന്തിൽ റണ്ണൗട്ട് അവസരവും ഡൽഹി നഷ്ടപ്പെടുത്തി. അവസാന പന്തിൽ ജയിക്കാൻ രണ്ട് റൺ. ടിം ഡേവിഡ് നീട്ടിയടിച്ചു. ഫീൽഡ് ചെയ്ത ഡേവിഡ് വാർണറുടെ ത്രോ പാളി. വിക്കറ്റ്കീപ്പർ സ്റ്റമ്പ് തകർക്കുംമുമ്പ് ടിം ഡേവിഡ് ക്രീസിലേക്ക് നീന്തിയെത്തി വിജയറൺ കുറിച്ചു.
ഇഷാൻ കിഷനും (26 പന്തിൽ 31) തിലക് വർമയും (29 പന്തിൽ 41) രോഹിത് ശർമയ്ക്ക് പിന്തുണ നൽകി. രോഹിതും തിലക് വർമയും രണ്ടാംവിക്കറ്റിൽ 68 റണ്ണടിച്ചു. സൂര്യകുമാർ യാദവ് വീണ്ടും നിരാശപ്പെടുത്തി. ഇക്കുറിയും ആദ്യ പന്തിൽ പുറത്ത്. അവസാന ആറ് ഇന്നിങ്സിൽ നാലാംതവണയാണ് സൂര്യകുമാർ ആദ്യപന്തിൽ പുറത്താകുന്നത്.
ക്യാപ്റ്റൻ ഡേവിഡ് വാർണറും അക്സർ പട്ടേലും നേടിയ അർധ സെഞ്ചുറിയാണ് ഡൽഹിക്ക് പൊരുതാനുള്ള സ്കോർ സമ്മാനിച്ചത്. വാർണർ 47 പന്തിൽ ആറ് ഫോറിന്റെ അകമ്പടിയിൽ 51 റൺ നേടി. അക്സർ 25 പന്തിലായിരുന്നു 54. അതിൽ അഞ്ച് സിക്സറും നാല് ഫോറും ഉൾപ്പെട്ടു.
പതിമൂന്നാം ഓവറിൽ 98 റണ്ണെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റ് നഷ്ടപ്പെട്ടതായിരുന്നു. ആറാംവിക്കറ്റിൽ വാർണറും അക്സറും ചേർന്ന് 67 റണ്ണടിച്ചു.
തുടക്കത്തിലെ തകർച്ച വാലറ്റത്തും ദയനീയമായി ആവർത്തിച്ചു. അവസാന അഞ്ച് വിക്കറ്റ് വീണത് ഏഴ് റണ്ണിനാണ്. മോശം ഫോം തുടരുന്ന ഓപ്പണർ പ്രിഥ്വി ഷാ മൂന്ന് ഫോറടിച്ച് മിന്നാൻ ശ്രമിച്ചെങ്കിലും 15 റണ്ണിൽ അവസാനിച്ചു. അഞ്ച് ഫോറടിച്ച പാണ്ഡെ 18 പന്തിൽ 26 റണ്ണിന് പുറത്തായി. അക്സർ 22 പന്തിൽ ആദ്യ ഐപിഎൽ അർധസെഞ്ചുറി കണ്ടെത്തി.
പത്തൊമ്പതാം ഓവറിൽ നാല് വിക്കറ്റ് നഷ്ടപ്പെടുത്തി ഡൽഹി വീണ്ടും കുഴപ്പത്തിലായി. ഓസ്ട്രേലിയൻ പേസർ ബെഹ്റെൻഡോഫിന്റെ ആദ്യ പന്തിൽ അക്സർ വീണു. അർഷദ് ഖാനാണ് ക്യാച്ച്. മൂന്നാംപന്തിൽ വാർണറും പുറത്തായി. വന്ന ഉടൻ കുൽദീപ് യാദവ് റണ്ണൗട്ടായി. അവസാന പന്തിൽ അഭിഷേക് പൊറെലും (1) മടങ്ങി. ബെഹ്റെൻഡോഫിനെക്കൂടാതെ ഇന്ത്യൻ സ്പിന്നർ പിയൂഷ് ചൗളക്കും മൂന്ന് വിക്കറ്റുണ്ട്. നാല് ഓവറിൽ 22 വഴങ്ങിയ ചൗള മുപ്പത്തിനാലാംവയസ്സിലും പന്ത് സമർഥമായി തിരിച്ചു.















