കൊച്ചി
മേയർക്കെതിരെ കൊണ്ടുവന്ന അവിശ്വാസത്തിൽ സ്വയം തെന്നിവീണ് കൊച്ചി കോർപറേഷനിലെ യുഡിഎഫ്. മേയറെ പുറത്താക്കുമെന്നു പ്രഖ്യാപിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയം കൗൺസിൽ ക്വാറം തികയാത്തതിനാൽ ചർച്ചയ്ക്കെടുക്കാതെ തള്ളി. തങ്ങൾക്കൊപ്പമുണ്ടെന്ന് പ്രതിപക്ഷം അവകാശപ്പെട്ടിരുന്ന നാലംഗങ്ങൾ ഹാജരാകാതിരുന്നതും യുഡിഎഫിന് വൻ തിരിച്ചടിയായി. അഞ്ചു ബിജെപി കൗൺസിലർമാരും വിട്ടുനിന്നു.
ബ്രഹ്മപുരം തീപിടിത്തത്തിനുപിന്നാലെ യുഡിഎഫ് ആരംഭിച്ച അക്രമസമരത്തിന്റെ തുടർച്ചയായാണ് മേയറെ വീഴ്ത്തുമെന്നു പ്രഖ്യാപിച്ച് അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകിയത്. 74 അംഗ കൗൺസിലിൽ ബിജെപിയുടെ അഞ്ചംഗങ്ങൾ ഉൾപ്പെടെ 38 പേരുടെ പിന്തുണയാണ് യുഡിഎഫ് അവകാശപ്പെട്ടിരുന്നത്. എന്നാൽ, തിങ്കളാഴ്ച കലക്ടർ എൻ എസ് കെ ഉമേഷിന്റെ സാന്നിധ്യത്തിൽ അവിശ്വാസപ്രമേയചർച്ചയ്ക്ക് കൗൺസിൽ ചേർന്നപ്പോൾ യുഡിഎഫിലെ 28 പേർമാത്രമാണ് ഹാജരായത്. കോർപറേഷൻ ഓഫീസിൽ ആക്രമണം നടത്തിയ കേസിൽ പ്രതിയായ കോൺഗ്രസ് അംഗം ടിബിൻ ദേവസിയും വിട്ടുനിന്നവരിൽ ഉൾപ്പെടും. തങ്ങൾക്കൊപ്പമാണെന്ന് യുഡിഎഫ് അവകാശപ്പെട്ടിരുന്ന മരാമത്ത് സ്ഥിരംസമിതി അധ്യക്ഷ സുനിത ഡിക്സൺ, കാജൽ സലിം എന്നിവരും മാറിനിന്നു. യുഡിഎഫിനൊപ്പമായിരുന്ന മേരി കലിസ്റ്റ പ്രകാശൻ നേരത്തേ എൽഡിഎഫിലേക്ക് മാറിയിരുന്നു. 2020ൽ മേയർ തെരഞ്ഞെടുപ്പ് നടന്നപ്പോൾ യുഡിഎഫിന് 32 വോട്ടുകൾ കിട്ടിയിരുന്നു. അതാണ് ഇപ്പോൾ ഇരുപത്തെട്ടായി കുറഞ്ഞത്.
ആകെ അംഗബലത്തിന്റെ മൂന്നിലൊന്നുപേരുടെ പിന്തുണയോടെ അവിശ്വാസനോട്ടീസ് നൽകാമെങ്കിലും പ്രമേയം ചർച്ച ചെയ്യണമെങ്കിൽ പകുതി കൗൺസിലർമാർ ഹാജരാകണം. പ്രമേയം അനാവശ്യമാണെന്നതിനാൽ എൽഡിഎഫ് അംഗങ്ങൾ ഹാജരായില്ല. പലവട്ടം ബിജെപി ജില്ലാ നേതൃത്വവുമായി ബന്ധപ്പെട്ട് യുഡിഎഫ് പിന്തുണ തേടിയെങ്കിലും ഫലംകണ്ടില്ല. ഈ സാഹചര്യത്തിലാണ് അവിശ്വാസപ്രമേയം ചർച്ചയ്ക്കുപോലും എടുക്കാതെ തള്ളിയത്.
നഷ്ടമായത് യുഡിഎഫിനോടുള്ള വിശ്വാസം
കൊച്ചി മേയർക്കെതിരെ അവിശ്വാസം കൊണ്ടുവരാനുള്ള യുഡിഎഫ് തീരുമാനം അപക്വവും നഗരവാസികളോടുള്ള വെല്ലുവിളിയുമാണെന്ന് എൽഡിഎഫ്. മാലിന്യപ്രശ്നം പരിഹരിക്കാൻ നഗരം ഒറ്റക്കെട്ടായി പ്രവർത്തിക്കുമ്പോഴാണ് രാഷ്ട്രീയനേട്ടംമാത്രം ലക്ഷ്യമിട്ട് അവിശ്വാസപ്രമേയം കൊണ്ടുവരാൻ ശ്രമിച്ചത്. കൂടെയുണ്ടായിരുന്ന നാലുപേരുടെ വിശ്വാസം രണ്ടുവർഷംകൊണ്ട് നഷ്ടപ്പെടുത്തിയതിലൂടെ യുഡിഎഫ് നേതൃത്വത്തിനെതിരായ അവിശ്വാസമായി അതു മാറിയെന്നും എൽഡിഎഫ് പാർലമെന്ററി പാർടി സെക്രട്ടറി ബെനഡിക്ട് ഫെർണാണ്ടസ് വാർത്താക്കുറിപ്പിൽ പറഞ്ഞു.
എല്ലാ കൗൺസിലർമാരെയും വിശ്വാസത്തിലെടുത്ത് ശാസ്ത്രീയ മാലിന്യസംസ്കരണം നടപ്പാക്കാനാണ് മേയറുടെ നേതൃത്വത്തിൽ ശ്രമിക്കുന്നത്. അതിനെ അക്രമസമരങ്ങളിലൂടെ തകർക്കാനാണ് യുഡിഎഫിന്റെ ശ്രമം. ഒപ്പം നിന്നിരുന്ന നാലു കൗൺസിലർമാരെ അവിശ്വാസത്തിന്റെ സാംഗത്യം ബോധ്യപ്പെടുത്താൻ അവർക്കായില്ല. അവിശ്വാസപ്രമേയനോട്ടീസ് നൽകിയവർക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്റെ 2022 മെയ് മാസത്തിലെ സർക്കുലറിനെക്കുറിച്ചുപോലും അറിയില്ലെന്ന് ഇതോടെ വ്യക്തമായി.
ബ്രഹ്മപുരത്തെ തീപിടിത്തം കോൺഗ്രസിലെ ഗ്രൂപ്പുവഴക്ക് തീർക്കാനുള്ള ആയുധമായാണ് ഉപയോഗിക്കുന്നത്. ഐ ഗ്രൂപ്പിലെ മുതിർന്ന നേതാവിനെതിരെ ടോണി ചമ്മണിയും കൂട്ടരും ബ്രഹ്മപുരം വിഷയത്തിൽ ഒളിയമ്പെയ്തത് അതിന്റെ ഭാഗമാണ്. വികസനപ്രശ്നങ്ങളിൽ രാഷ്ട്രീയം മാറ്റിവച്ച് ശരിയായ നിലപാടെടുക്കാൻ യുഡിഎഫ് തയ്യാറാകണമെന്നും എൽഡിഎഫ് ആവശ്യപ്പെട്ടു.
അപഹാസ്യരായി യുഡിഎഫ്
ആറുമാസത്തിനുള്ളിൽ കൊച്ചി കോർപറേഷനിലെ എൽഡിഎഫ് ഭരണം അട്ടിമറിക്കുമെന്നായിരുന്നു രണ്ടുവർഷംമുമ്പത്തെ യുഡിഎഫ് പ്രഖ്യാപനം. ആ വഴിക്കുള്ള ഒടുവിലത്തെ നീക്കമായിരുന്നു ബ്രഹ്മപുരം തീപിടിത്തത്തിന്റെ മറപിടിച്ച് കൊണ്ടുവന്ന അവിശ്വാസപ്രമേയനോട്ടീസ്. ബിജെപിയുമായി ചേർന്നുള്ള അട്ടിമറിയാണ് യുഡിഎഫ് ജില്ലാനേതൃത്വം ആസൂത്രണം ചെയ്തത്. എന്നാൽ, ഒപ്പമുള്ളവരെപ്പോലും ഒന്നിച്ചുനിർത്താനാകാതെ നാണംകെട്ടത് മിച്ചം. ബ്രഹ്മപുരം തീപിടിത്തത്തിന്റെ മുഴുവൻ ഉത്തരവാദിത്വവും എൽഡിഎഫിനുമേൽ ചാരി മേയറെ ആക്രമിക്കാനുള്ള യുഡിഎഫിന്റെ രാഷ്ട്രീയ അജൻഡയും ഇതോടെ പൊളിഞ്ഞു.
എൽഡിഎഫ് കൗൺസിൽ അധികാരത്തിൽ വന്നതുമുതൽതന്നെ യുഡിഎഫ് ജില്ലാനേതൃത്വം അട്ടിമറിനീക്കങ്ങൾ ആരംഭിച്ചതാണ്. ഹൈബി ഈഡൻ എംപിയും ടി ജെ വിനോദ് എംഎൽഎയും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസും കരുക്കൾ നീക്കി. തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം കിട്ടാതിരുന്നിട്ടും കൗൺസിലർമാരെ ചാക്കിട്ടുപിടിച്ച് ഭരണം പിടിക്കാനായിരുന്നു ആദ്യനീക്കം. അത് പരാജയപ്പെട്ടെങ്കിലും എൽഡിഎഫിനൊപ്പമുള്ളവരെ അടർത്തിയെടുക്കാനുള്ള ശ്രമം തുടർന്നു. ഇതിനിടെ യുഡിഎഫിനൊപ്പമുണ്ടായിരുന്നവർ എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത് തിരിച്ചടിയായി. കോൺഗ്രസ് റിബലായി വിജയിച്ച മേരി കലിസ്റ്റ പ്രകാശൻ പിന്തുണയ്ക്കാൻ തീരുമാനിച്ചതോടെ എൽഡിഎഫിന് കൗൺസിലിൽ കേവല ഭൂരിപക്ഷമായതും യുഡിഎഫിനെ വിറളിപിടിപ്പിച്ചു. സ്ഥിരംസമിതികൾ പിടിച്ചെടുക്കാനുള്ള വഴിവിട്ട നീക്കങ്ങളും പാളി.
എൽഡിഎഫ് കൗൺസിലിനെ അട്ടിമറിക്കുക എന്ന ഏക അജൻഡയിലായിരുന്നു ബ്രഹ്മപുരം തീപിടിത്തത്തിനുപിന്നാലെ അക്രമസമരങ്ങൾക്ക് യുഡിഎഫ് നേതൃത്വം നൽകിയത്. നഗരസഭാ സെക്രട്ടറിയെയും ജീവനക്കാരെയും തെരുവിലിട്ട് തല്ലി. കൗൺസിലുകൾ നിരന്തരം തടസ്സപ്പെടുത്തി. വികസന സെമിനാർ ബഹിഷ്കരിച്ചു. ബജറ്റ് അവതരണവും ചർച്ചയും അലങ്കോലമാക്കി. ആക്രമണങ്ങളോടും കൗൺസിലിലെ നിസ്സഹകരണത്തോടും യുഡിഎഫിലെ ഒരു വിഭാഗം വിയോജിച്ചിട്ടും നേതൃത്വം നിലപാട് മാറ്റിയില്ല.
വിജയിക്കാൻ സാധ്യതയില്ലാത്തതിനാൽ അവിശ്വാസപ്രമേയം കൊണ്ടുവരുന്നതിനെയും ഒരുവിഭാഗം എതിർത്തു. എന്നാൽ, അവിശ്വാസം പാസായാൽ ആര് മേയറാകുമെന്ന ചർച്ചയിലായിരുന്നു നേതൃത്വം. പ്രതിപക്ഷനേതാവ് ആന്റണി കുരീത്തറയെ തള്ളി രംഗം കൈയടക്കാനുള്ള മുതിർന്ന അംഗം വി കെ മിനിമോളുടെയും കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസിന്റെയും ശ്രമങ്ങൾ പ്രകടമായി. ഏപ്രിൽ 10ന് പുതിയ മേയർ അധികാരമേൽക്കുമെന്ന് യുഡിഎഫ് നേതാക്കൾ പറഞ്ഞതായി കോർപറേഷൻ ജീവനക്കാർതന്നെ വെളിപ്പെടുത്തി. അവിശ്വാസത്തിന് പിന്തുണ തേടി ജില്ലാ കോൺഗ്രസ് നേതാക്കൾ ബിജെപിയുമായി ചർച്ച നടത്തി. സ്വതന്ത്രരെയും യുഡിഎഫ് വിമതരായി വിജയിച്ചവരെയും പദവികൾ വാഗ്ദാനം ചെയ്ത് ക്ഷണിച്ചു. എൽഡിഎഫിനൊപ്പമുള്ള ചിലരെയും അടർത്തിയെടുക്കാൻ ശ്രമിച്ചു. എന്നാൽ, ചർച്ചയ്ക്കെടുക്കാൻപോലുമാകാതെ അവിശ്വാസനോട്ടീസ് തള്ളിയത് യുഡിഎഫിനെ നാണക്കേടിന്റെ പടുകുഴിയിലാക്കി. ഒപ്പം നിന്നിരുന്ന നാലുപേർ വിട്ടുപോയതോടെ ബ്രഹ്മപുരം വിഷയത്തിൽ യുഡിഎഫിന്റെ ഒളിച്ചുകളിയും കൂടുതൽ തുറന്നുകാട്ടപ്പെടുകയാണ്.
ആത്മവിശ്വാസത്തോടെ മുന്നോട്ട്: മേയർ
കൊച്ചി
എൽഡിഎഫിന് കൂടുതൽ ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകാനുള്ള പിന്തുണയാണ് യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം തള്ളിയതിലൂടെ ലഭിച്ചതെന്ന് മേയർ എം അനിൽകുമാർ പറഞ്ഞു.
മേയർക്ക് എതിരെയുള്ള അവിശ്വാസപ്രമേയം ചർച്ചയ്ക്കുപോലും എടുക്കാതെയാണ് തള്ളിയത്. അധികാരത്തിലെത്തിയപ്പോൾ 34 പേരുടെ പിന്തുണയാണ് എൽഡിഎഫിന് ഉണ്ടായിരുന്നത്. ഇപ്പോഴത് 37 ആയി. യുഡിഎഫിന്റെ ഭാഗമായിരുന്ന പലരും ഇപ്പോൾ അവർക്കൊപ്പമില്ല. ബിജെപിയുമായി ചേർന്നാൽപ്പോലും വിജയിക്കില്ലെന്ന ബോധ്യമില്ലാതെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസം എഴുന്നേറ്റുനിന്ന് മുടന്തുകാണിക്കലായെന്നും മേയർ പ്രതികരിച്ചു.
അവിശ്വാസചർച്ചയിൽനിന്ന് എൽഡിഎഫ് വിട്ടുനിന്നതിനെക്കുറിച്ച് പരാതി പറയുന്നവർ സൗമിനി ജെയിൻ മേയറായിരിക്കെ വന്ന അവിശ്വാസപ്രമേയചർച്ചയിൽ എന്തുനിലപാടാണ് എടുത്തതെന്ന് മേയർ ചോദിച്ചു. കഴിഞ്ഞയാഴ്ച തൃക്കാക്കര നഗരസഭയിൽ യുഡിഎഫ് അംഗങ്ങൾ വിട്ടുനിന്നതിനാൽ അവിശ്വാസപ്രമേയം ചർച്ചയ്ക്ക് എടുത്തില്ല. ജനങ്ങളിൽനിന്ന് ഒറ്റപ്പെടുന്ന സമീപനത്തിൽനിന്ന് യുഡിഎഫ് പിന്തിരിയണമെന്നും എല്ലാവരെയും യോജിപ്പിച്ച് മുന്നോട്ടുപോകുമെന്നും മേയർ പറഞ്ഞു.















