ബീജിങ്
തയ്വാൻ കടലിടുക്കിൽ ചൈനയുടെ സൈനികാഭ്യാസം തുടരവെ പ്രകോപനവുമായി ദക്ഷിണ ചൈന കടലിൽ നിലയുറപ്പിച്ച് അമേരിക്കൻ നാവികസേന. ചൈനയുടെ സൈനികാഭ്യാസം തുടങ്ങി മൂന്നാം ദിവസമാണ് യുഎസ് നാവിക സേന മിസൈൽ പ്രതിരോധ ഉപകരണങ്ങളുമായി ദക്ഷിണ ചൈന കടലിലെത്തിയത്. ദക്ഷിണ ചൈന കടലിലെ യുഎസ് സൈനിക സാന്നിധ്യം തങ്ങളുടെ അതിർത്തിയിലേക്കും പരമാധികാരത്തിലേക്കുമുള്ള കടന്നുകയറലാണെന്ന് ചൈന പ്രതികരിച്ചു. ദേശീയ പരമാധികാരവും സുരക്ഷയും ഉറപ്പാക്കാനായി ചൈനീസ് സേന ജാഗ്രതയോടെ നിലയുറപ്പിച്ചിരിക്കുകയാണെന്ന് പീപ്പിൾസ് ലിബറേഷൻ ആർമി ദക്ഷിണ കമാൻഡ് വക്താവ് ടിയാൻ ജുൻലി പറഞ്ഞു.
മൂന്ന് ദിവസം നീണ്ട ചൈനയുടെ നാവികാഭ്യാസം തിങ്കളാഴ്ച സമാപിച്ചു. തയ്വാൻ പ്രസിഡന്റ് സായ് ഇങ്വെൻ കലിഫോർണിയയിൽ അമേരിക്കൻ പ്രതിനിധിസഭാ സ്പീക്കർ കെവിൻ മക്കാർത്തിയുമായി കൂടിക്കാഴ്ച നടത്തി തിരിച്ചെത്തിയതിനു പിന്നാലെയാണ് ചൈന പരിശീലനം തുടങ്ങിയത്. ചൈന രാജ്യത്തിന്റെ ഭാഗമായി കരുതുന്ന പ്രദേശമാണ് തയ്വാൻ. അടുത്തിടെയായി ചൈനയുടെ മുന്നറിയിപ്പുകൾ അവഗണിച്ച് തയ്വാനുമായി നിരന്തരബന്ധം പുലർത്തുകയും ആയുധസഹായം ഉൾപ്പെടെ നൽകി പ്രകോപനം സൃഷ്ടിക്കുകയുമാണ് അമേരിക്ക.
യുഎസിന് പിന്നാലെ പോകേണ്ടെന്ന് മാക്രോൺ
ചൈന–-തയ്വാൻ പ്രശ്നത്തില് യുറോപ്യൻ രാജ്യങ്ങൾ പക്ഷം പിടിക്കേണ്ട കാര്യമില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ. ചൈനയും അമേരിക്കയും തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് കാര്യങ്ങൾ വലിച്ചിഴയ്ക്കരുത്. ഈ വിഷയത്തിൽ അമേരിക്കയുടെ അഭിപ്രായത്തിന് പിന്നാലെ യൂറോപ്യൻ രാജ്യങ്ങൾ പോകേണ്ട കാര്യമില്ലെന്നും മാക്രോൺ പറഞ്ഞു. മൂന്ന് ദിവസത്തെ ബീജിങ് സന്ദർശനശേഷം നൽകിയ അഭിമുഖത്തിലാണ് മാക്രോണിന്റെ അഭിപ്രായപ്രകടനം. മറ്റു രാജ്യങ്ങൾ ആയുധങ്ങൾക്കും സൈനിക പിന്തുണയ്ക്കുമായി അമേരിക്കയെ ആശ്രയിക്കുന്നത് കൂടിവരികയാണെന്നും പറഞ്ഞു.