ലണ്ടൻ
മാഞ്ചസ്റ്റർ സിറ്റിയുടെ ഹാട്രിക് കിരീട പ്രതീക്ഷയ്ക്ക് പുതുജീവൻ. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഒന്നാമതുള്ള അഴ്സണൽ ലിവർപൂളിനോട് കുരുങ്ങിയത് സിറ്റിക്ക് ഗുണകരമായി. 30 കളി പൂർത്തിയാക്കിയ അഴ്സണലിന് 73 പോയിന്റുണ്ട്. സിറ്റിക്ക് 29ൽ 67. ആറ് പോയിന്റ് വ്യത്യാസം.
അടുത്തകളിയിൽ ലെസ്റ്റർ സിറ്റിയെ തോൽപ്പിച്ചാൽ അന്തരം മൂന്ന് പോയിന്റാക്കി ചുരുക്കാം. ഏപ്രിൽ 26ന് ഇരു ടീമുകളും മുഖാമുഖം വരുന്നുണ്ട്. ഈ പോരാട്ടം കിരീടാവകാശികളെ നിർണയിക്കുന്നതിൽ പ്രധാനമാകും. ആകെ 38 കളിയാണ് ലീഗിൽ.
രണ്ട് ഗോളിന് മുന്നിട്ടുനിന്നശേഷമാണ് ആൻഫീൽഡിൽ അഴ്സണൽ ലിവർപൂളുമായി സമനിലയിൽ പിരിഞ്ഞത് (2–-2). മുഹമ്മദ് സലാ പെനൽറ്റി പാഴാക്കിയതും ബാറിനുകീഴിൽ ഗോൾകീപ്പർ ആരോൺ റാംസ്ഡെയ്ലിന്റെ തകർപ്പൻ പ്രകടനവുമാണ് തോൽവിയിൽനിന്ന് രക്ഷപ്പെടുത്തിയത്.
ശേഷിക്കുന്ന എട്ട് കളിയിൽ കരുത്തരായ എതിരാളികളാണ് അഴ്സണലിന്. യഥാക്രമം വെസ്റ്റ്ഹാം യുണൈറ്റഡ്, സതാംപ്ടൺ, സിറ്റി, ചെൽസി, ന്യൂകാസിൽ, ബ്രൈറ്റൺ, നോട്ടിങ്ഹാം ഫോറസ്റ്റ്, വൂൾവറാംപ്ടൺ വാണ്ടറേഴ്സ് എന്നിവരുമായാണ് മത്സരങ്ങൾ. ഒരു സമനിലപോലും സാധ്യത നഷ്ടപ്പെടുത്തും. അവസാന റൗണ്ടിലെ സമ്മർദം മൈക്കേൽ അർടേറ്റയുടെ യുവനിരയ്ക്ക് താങ്ങാനാകുമോ എന്ന് കണ്ടറിയണം.
പെപ് ഗ്വാർഡിയോളയുടെ സിറ്റിക്ക് മുൻതൂക്കം നൽകുന്നത് സമ്മർദത്തെ അതിജീവിക്കാനുള്ള മികവാണ്. സൂപ്പർതാരങ്ങളടങ്ങിയ സംഘത്തിന് മുൻ സീസണുകളിൽ കിരീടപ്പോരിൽ ഇതേ രീതിയിൽ മുന്നേറിയ പരിചയസമ്പത്തുണ്ട്. ലെസ്റ്റർ, ബ്രൈറ്റൺ, അഴ്സണൽ, ഫുൾഹാം, വെസ്റ്റ്ഹാം, ലീഡ്സ് യുണൈറ്റഡ്, എവർട്ടൺ, ചെൽസി, ബ്രെന്റ്ഫോർഡ് ടീമുകളെയാണ് നേരിടാനുള്ളത്.
മെയ് 28നാണ് അവസാന റൗണ്ട് മത്സരങ്ങൾ.