ലണ്ടൻ
ചാമ്പ്യൻസ് ലീഗ് ഫുട്ബോളിലെ ആവേശപ്പോരാട്ടം ഇന്ന്. ആദ്യപാദ ക്വാർട്ടറിൽ കിരീടസാധ്യതയിൽ മുന്നിലുള്ള മാഞ്ചസ്റ്റർ സിറ്റി ബയേൺ മ്യൂണിക്കിനെ നേരിടും. സിറ്റിയുടെ തട്ടകത്തിലാണ് കളി. ബെൻഫിക്കയും ഇന്റർ മിലാനും തമ്മിലാണ് മറ്റൊരു മത്സരം.
സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോളയും ബയേണിന്റെ തോമസ് ടുഷെലിന്റെയും തന്ത്രങ്ങളുടെ ഏറ്റുമുട്ടൽകൂടിയാണിന്ന്. 2021ൽ ചെൽസി പരിശീലകനായിരിക്കേ സിറ്റിയെ വീഴ്ത്തി കിരീടം നേടിയിരുന്നു ടുഷെൽ. കന്നിക്കിരീടം ലക്ഷ്യംവച്ചുള്ള കഠിനശ്രമം ഈ സീസണിലും തുടരുകയാണ് സിറ്റി. ഗ്വാർഡിയോളയ്ക്കും നിർണായകമാണ്. 12 വർഷംമുമ്പ് ബാഴ്സലോണയ്ക്കായി ചാമ്പ്യൻസ് ലീഗ് നേടിയശേഷം കപ്പിൽ തൊട്ടിട്ടില്ല സ്പാനിഷ് ചാണക്യൻ. ബയേണിന്റെ പരിശീലകനായിരിക്കേ തുടർച്ചയായി മൂന്നുവട്ടം സെമിയിൽ എത്തി. 2016ൽ സിറ്റിയിൽ എത്തിയശേഷം ആറ് സീസണിൽ ഒരുതവണ ഫൈനലിൽ കടന്നു. കഴിഞ്ഞവട്ടം സെമിയിൽ വീണു.
ഇത്തവണ ഇരുപാദ പ്രീക്വാർട്ടറിൽ ആർബി ലെയ്പ്സിഗിനെ 8–-1ന് കശാപ്പുചെയ്താണ് വരവ്. ഗോളടിക്കാരൻ എർലിങ് ഹാലണ്ടാണ് തുറുപ്പുചീട്ട്. ഒപ്പം മധ്യനിരയിൽ കെവിൻ ഡി ബ്രയ്നും. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ രണ്ടാമതാണ് നിലവിൽ. ലയണൽ മെസിയുടെയും കിലിയൻ എംബാപ്പെയുടെയും പിഎസ്ജിയെ മറികടന്നാണ് ബയേൺ എത്തുന്നത്. ക്വാർട്ടറിൽ എത്തിയതിനുപിന്നാലെയാണ് പരിശീലകൻ ജൂലിയൻ നാഗെൽസ്മാനെ പുറത്താക്കിയത്. ടുഷെലിനുകീഴിൽ ലീഗിലെ അരങ്ങേറ്റം കൂടിയാണ്. ആറുതവണ ജേതാക്കളാണ്. ജമാൽ മുസിയാളയും തോമസ് മുള്ളറും സാദിയോ മാനെയും ഉൾപ്പെട്ട മുന്നേറ്റനിരയാണ് കരുത്ത്. ജർമൻ ലീഗിൽ ഒന്നാംസ്ഥാനത്താണ് ടീം.