കൊച്ചി
മാറുന്ന കാലത്തിന്റെ വെല്ലുവിളി ഏറ്റെടുക്കാനാകും വിധമുള്ള സുസ്ഥിര വ്യവസായ സൗഹൃദാന്തരീക്ഷം ലക്ഷ്യമിട്ട് സംരംഭകവർഷം പദ്ധതി രണ്ടാംഘട്ടത്തിന് തുടക്കമായി. സംരംഭങ്ങളുടെ ഗുണനിലവാരം വർധിപ്പിക്കുന്ന മിഷൻ 1000 പദ്ധതിയും കൊച്ചിയിൽ 500 പുതിയ സംരംഭകരെ സാക്ഷിയാക്കി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. പുതിയ വ്യവസായ നയത്തിൽ അത്യാധുനിക സാങ്കേതികവിദ്യയിൽ ഊന്നിയുള്ള വ്യവസായങ്ങൾക്ക് മുൻഗണന നൽകുന്നതോടൊപ്പം ചെറുകിട, ഇടത്തരം, സൂക്ഷ്മ സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
22 മുൻഗണനാമേഖലകളിൽ വ്യവസായവളർച്ച സാധ്യമാക്കും. എയ്റോസ്പേസ് ആൻഡ് ഡിഫൻസ്, നിർമിതബുദ്ധി, റോബോട്ടിക്സ്, ബയോടെക്നോളജി ആൻഡ് ലൈഫ് സയൻസ്, ഇലക്ട്രിക് വാഹനങ്ങൾ, വിവരസാങ്കേതികവിദ്യാ ഉൽപ്പന്നങ്ങൾ, ഗ്രഫീൻ, മെഡിക്കൽ ഉപകരണങ്ങൾ, ഫാർമസ്യൂട്ടിക്കൽസ് മേഖലകളിലെ നവീന വ്യവസായങ്ങൾക്ക് മുൻഗണന നൽകും. പരമ്പരാഗതവ്യവസായങ്ങളെ നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ നവീകരിക്കും. ഉൽപ്പന്നങ്ങൾ കേരള ബ്രാൻഡിൽ വിതരണം ചെയ്യാൻ സൗകര്യമൊരുക്കും.യുവാക്കൾക്കായി സ്റ്റാർട്ടപ് സൗഹൃദ അന്തരീക്ഷം രൂപപ്പെടുത്തും. 425 കോളേജുകളിൽ ആരംഭിച്ച പദ്ധതികൾ എല്ലാ കോളേജുകളിലേക്കും വ്യാപിപ്പിക്കും. തെരഞ്ഞെടുത്ത രാജ്യങ്ങളിൽ സ്റ്റാർട്ടപ് ഇൻഫിനിറ്റി സെന്റർ സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എറണാകുളത്ത് ഗോകുലം പാർക്ക് കൺവൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ മന്ത്രി പി രാജീവ് അധ്യക്ഷനായി. മിഷൻ 1000 പോർട്ടലിന്റെ ഉദ്ഘാടനം മന്ത്രി കെ എൻ ബാലഗോപാലും സെൽഫി പോയിന്റ് യുട്യൂബ് ചാനലിന്റെ ഉദ്ഘാടനം മന്ത്രി എം ബി രാജേഷും നിർവഹിച്ചു. വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറിമാരായ സുമൻ ബില്ല, എ പി എം മുഹമ്മദ് ഹനീഷ്, വ്യവസായ–-വാണിജ്യ വകുപ്പ് ഡയറക്ടർ എസ് ഹരികിഷോർ, ജില്ലാ കലക്ടർ എൻ എസ് കെ ഉമേഷ് എന്നിവർ സംസാരിച്ചു.
സംരംഭകവർഷം 2.0
സംരംഭകവർഷം 2.0ലൂടെ പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിനൊപ്പം, നിലവിലുള്ളവയ്ക്ക് തുടർസഹായം നൽകി ഗുണനിലവാരം വർധിപ്പിക്കും. മിഷൻ 1000ലൂടെ തെരഞ്ഞെടുത്ത 1000 സംരംഭങ്ങളെ നാലുവർഷത്തിനകം ശരാശരി 100 കോടി രൂപ വിറ്റുവരവുള്ള വ്യവസായമാക്കും. ‘ഒരുവർഷം ഒരുലക്ഷം സംരംഭം’ പദ്ധതിയിൽ 1,39,840 സംരംഭങ്ങൾ ആരംഭിച്ചു. 8422 കോടി രൂപയുടെ വ്യവസായനിക്ഷേപമുണ്ടായി. മൂന്നുലക്ഷത്തിലധികം തൊഴിൽ സൃഷ്ടിച്ചു.