തിരുവനന്തപുരം
വിഷുവിന് വിഷരഹിത പച്ചക്കറി ലഭ്യമാക്കാൻ വിളവെടുപ്പിനായി നാടൊരുങ്ങി. വിഷരഹിത പച്ചക്കറി പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് സിപിഐ എം ആയിരത്തോളം വിപണി ഒരുക്കും. പ്രാദേശികതലത്തിൽ സഹകരണബാങ്കുകളുടെയും കർഷകസംഘം, സാങ്കേതിക സമിതി പ്രവർത്തകരുടെയും കൂട്ടായ്മയുടെ നേതൃത്വത്തിലാണ് വിപണിയൊരുക്കുക. 12ന് ആരംഭിക്കുന്ന വിഷു വിപണികളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പാളയം മാർക്കറ്റിൽ വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
സംസ്ഥാനത്ത് 1806 ഏക്കർ ഭൂമിയിൽ സിപിഐ എം കൃഷിയിറക്കിയിരുന്നു. സഹകരണ സ്ഥാപനങ്ങൾ, കർഷക സംഘം എന്നിവയും മറ്റ് ബഹുജനസംഘടനകളും പാർടി ആഹ്വാനപ്രകാരം കൃഷി ചെയ്തു. പലയിടത്തും സംയോജിത കൃഷി ഉൾപ്പെടെയുള്ള പുത്തൻ രീതികളും ഹൈബ്രിഡ് വിത്തുകളും ഉപയോഗിച്ചപ്പോൾ കനത്ത വേനലിലും മികച്ച വിളവുണ്ടായി.
കാർഷികമേഖലയിലെ ജനകീയ ഇടപെടൽ ഉറപ്പാക്കാൻ 2014 നവംബർമുതൽ സിപിഐ എം സംസ്ഥാനത്ത് വിവിധ പദ്ധതികൾ നടപ്പാക്കുന്നു. 2018 മുതൽ സംയോജിത കൃഷി ക്യാമ്പയിനുകൾ സംഘടിപ്പിക്കുന്നു. കോവിഡ്കാലത്തെ സുഭിക്ഷ കേരളം പദ്ധതിയും വിജയമായിരുന്നു.