കൊച്ചി > അഞ്ച് വർഷം കൊണ്ട് സംസ്ഥാനത്തൊട്ടാകെ നൂറ് പാലങ്ങൾ പൂർത്തീകരിക്കുക എന്നതാണ് സംസ്ഥാന സർക്കാരിൻ്റെ ലക്ഷ്യമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കുന്നത്തുനാട് മണ്ഡലത്തിൽ പുനർനിർമിച്ച ഐരാപുരം തട്ടുപാലത്തിന്റെയും മണ്ണൂർ -ഐരാപുരം റോഡിന്റെ പുനർ നിർമാണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
അഞ്ചു വർഷംകൊണ്ട് നൂറു പാലങ്ങൾ നിർമ്മാണം പൂർത്തീകരിക്കുക എന്നത് കേരളത്തിൻ്റെ ചരിത്രത്തിൽ തന്നെ ആദ്യമാണ്. ഈ ലക്ഷ്യത്തിന്റെ ആദ്യഘട്ടമായി 2024 ൽ 50 പാലങ്ങൾ പൂർത്തീകരിക്കാനാണ് സർക്കാർ ലക്ഷ്യമിട്ടത്. എന്നാൽ 2023 ആദ്യം തന്നെ ലക്ഷ്യത്തിലെക്കി. ഐരാപുരം തട്ടുപാലം സംസ്ഥാന സർക്കാർ നിർമ്മാണം പൂർത്തീകരിക്കുന്ന അൻപത്തി മൂന്നാമത്തെ പാലമാണെന്നും മന്ത്രി പറഞ്ഞു. കരാർ കാലാവധിക്ക് മൂന്നുമാസം മുൻപേ തന്നെ തട്ടുപാലത്തിൻ്റെ നിർമാണം പൂർത്തിയാക്കി. 105 പാലങ്ങളുടെ നിർമ്മാണം അതിവേഗം പുരോഗമിക്കുകയാണ്.
അഞ്ചു കോടി രൂപ മുതൽ മുടക്കിൽ ബി എം ആന്റ് ബി സി നിലവാരത്തിലാണ് മണ്ണൂർ-ഐരാപുരം റോഡിന്റെ പുനർ നിർമാണം നടത്തുന്നത്.
അരനൂറ്റാണ്ട് മുൻപ് നിർമിച്ച തട്ടുപാലം നാശോന്മുഖമായതിനെ തുടർന്ന് 1.73 കോടി ചിലവിലാണ് തട്ടുപാലം പുനർനിർമിച്ചത്. മഴുവന്നൂർ പഞ്ചായത്തിലെ എട്ട്, ഒൻപത് വാർഡുകൾ ഉൾപ്പെടുന്ന പാലം, മഞ്ചനാട് തോടിന് കുറുകെയാണ് സ്ഥിതിചെയ്യുന്നത്. 15 മീറ്റർ നീളമുള്ള പാലത്തിന് 7.50 മീറ്റർ കാര്യേജ് വേയും ഒരുവശത്ത് 1.50 മീറ്റർ നടപ്പാതയുമുൾപ്പടെ 9.75 മീറ്റർ വീതിയിലാണ് നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്നത്.
3.9 കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് അഞ്ചുകോടി രൂപ ചെലവിട്ടാണ് ആധുനിക നിലവാരത്തിൽ പുനർ നിർമിക്കുന്നത്. 5.50 മീറ്റർ വീതിയിലാണ് റോഡ് നിർമ്മിക്കുന്നത്. കലുങ്കുകൾ, ഡ്രെയ്നേജ് സംവിധാനങ്ങൾ, ദിശാസൂചികകൾ, അപകട മുന്നറിയിപ്പ് ബോർഡുകൾ തുടങ്ങിയവയടക്കമാണ് റോഡിന്റെ പുനർനിർമാണം പൂർത്തീകരിക്കുന്നത്.
അഡ്വ. പിവി ശ്രീനിജിൻ എം എൽ എ അധ്യക്ഷത വഹിച്ച ചടങ്ങിൽ പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം സൂപ്രണ്ടിംഗ് എൻജിനീയർ പി ടി ജയ, പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ എം ടി ഷാബു, പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ സിന്ധു പോൾ, ഗ്രാമപഞ്ചായത്ത് മെമ്പർ വി ജോയിക്കുട്ടി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.