തിരുവനന്തപുരം > തിരുവനന്തപുരം നന്തൻകോടുള്ള സുഗതകുമാരിയുടെ വീട് “വരദ’ വിറ്റ സംഭവത്തിൽ വിശദീകരണവുമായി മകൾ ലക്ഷ്മീദേവി. നിയമപരമായി ഏക അവകാശി എന്നനിലയിൽ വരദ വിൽക്കാൻ തനിക്ക് പരിപൂർണ സ്വാതന്ത്ര്യമുണ്ടെന്നും വീട് നശിപ്പിക്കില്ലെന്നും വൃക്ഷങ്ങൾ മുറിച്ചു മാറ്റില്ലെന്നും ഉറപ്പു തന്നവർക്കാണ് വീട് കൈമാറിയതെന്നും ലക്ഷ്മി പറഞ്ഞു.
വരദ വിറ്റപ്പോൾ പല വിധത്തിലുള്ള ഭീഷണികൾ തനിക്കും വീട് വാങ്ങിയവർക്കും നേരെ ഉണ്ടായി. വീട്ടിൽ പ്രവേശിക്കാൻ ആരെയും അനുവദിക്കില്ലെന്നും കാവൽനിന്ന് തടയുമെന്നും മറ്റുമുള്ള പ്രസ്താവനകൾ വീട് വാങ്ങിച്ചവർക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. തന്റെ അമ്മയുടെയോ വീടിന്റെയോ മേൽ ഒരവകാശവും ഉള്ളവരല്ല ഇങ്ങനെ ഭീഷണി മുഴക്കുന്നത്. വീടുവാങ്ങിയ നിരപരാധികളുടെ അവകാശം ലംഘിക്കാതെ ഇത്തരം ഭീഷണികളിൽനിന്ന് പിന്മാറണമെന്ന് ലക്ഷ്മി അഭ്യർഥിച്ചു.
ഇതോടുകൂടി ഈ വിവാദം ഇവിടെ അവസാനിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും അവർ പറഞ്ഞു. ഒരു കാർപോലും കയറാത്ത വരദ സ്മാരകമാക്കുന്നത് ഉചിതമല്ല. അതുകൊണ്ടാണ് സർക്കാരിനോട് അതിനു വേണ്ടി ആവശ്യപ്പെടാതിരുന്നതും. ‘വീട് തന്നെ സ്മാരകമാക്കണമെങ്കിൽ അതിന് ഏറ്റവും ഉചിതം എന്റെ അപ്പൂപ്പൻ ബോധേശ്വരനും അമ്മൂമ്മ കാർത്ത്യായനി അമ്മയും നിർമ്മിച്ചതും അമ്മ സ്വജീവിതത്തിന്റെ സിംഹഭാഗവും സഹോദരിമാരായ ഹൃദയകുമാരി, സുജാതാദേവി എന്നിവരുമൊത്ത് താമസിച്ചിരുന്നതുമായ ‘അഭയ’ എന്ന വീടാണ്. അമ്മയുടെ വിവാഹം നടന്നതും അവിടെ വെച്ചാണ്. മാത്രമല്ല അമ്മ 1985 ൽ തുടങ്ങിയ സേവന സംഘടനയ്ക്കും ‘അഭയ’ എന്ന പേരു നൽകിയത് അമ്മയ്ക്ക് ആ വീടിനോടുള്ള വൈകാരിക ബന്ധം കൊണ്ടാണ്. താൻ മരിച്ചാൽ മൃതദേഹം അഭയ എന്ന വീട്ടിൽ പൊതുദർശനത്തിന് വെയ്ക്കണമെന്ന് അമ്മ എന്നോട് ആവശ്യപ്പെട്ടിരുന്നു. ’‐ലക്ഷ്മി പറഞ്ഞു.