തലനാട് > ആകാശത്തോടൊപ്പം തലയുയർത്തി മൂടൽമഞ്ഞണിഞ്ഞ ഇല്ലിക്കൽ കല്ല് സഞ്ചാരികൾക്ക് വിസ്മയ കാഴ്ചയൊരുക്കുന്നു. സമുദ്രനിരപ്പിൽ നിന്ന് മൂവായിരത്തോളം അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇല്ലിക്കൽ മലനിരകളും ഇല്ലിക്കൽ കല്ലും വിനോദ സഞ്ചാരികളുടെ സ്വപ്നഭൂമിയാണ്. കോടമഞ്ഞിനാൽ പൊതിഞ്ഞ ഇവിടം സഞ്ചാരികൾക്ക് ഭൂമിയിൽ നിന്നും ആകാശത്ത് എത്തിയ അനുഭൂതി നൽകും.
മൂന്നിലവ്, തലനാട് പഞ്ചായത്തുകൾ അതിർത്തി പങ്കിടുന്ന പ്രദേശത്താണ് ഇല്ലിക്കൽ കല്ല് സ്ഥിതി ചെയ്യുന്നത്. മുമ്പ് സാഹസിക ഇഷ്ടപ്പെടുന്നവർ മാത്രം എത്തിപ്പെട്ടിരുന്ന പ്രദേശമായിരുന്നു ഇല്ലിക്കൽ മലനിരകൾ. കിലോമീറ്ററുകൾ നടന്നുവേണമായിരുന്നു മലയിലെത്താൻ. ടൂറിസം പദ്ധതിയിൽപെടുത്തി ഇല്ലിക്കലിലേയ്ക്കുള്ള റോഡ് പൂർത്തിയായതോടെ ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളായ ഇലവിഴാപൂഞ്ചിറ, വാഗമൺ എന്നീ പ്രദേശങ്ങൾക്കൊപ്പം ഇല്ലിക്കൻ കല്ലും സ്ഥാനം പിടച്ചു. ഇപ്പോൾ അനായാസം ഇരുചക്രവാഹനങ്ങളിൽ പോലും ഇല്ലിക്കൽ മലയിലെത്താം. അവധി ആരംഭിച്ചതോടെ ദിവസേന നൂറുകണക്കിന് വിനോദ സഞ്ചാരികളാണ് ഇവിടെയെത്തുന്നത്. ഈരാറ്റുപേട്ടയിൽ നിന്ന് തീക്കോയി, അടുക്കം വഴി 20 കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെയെത്താം.
തലനാട് നിന്ന് ഇല്ലിക്കൽ കല്ലിന്റ മുകൾഭാഗം വരെ എത്തുന്ന റോഡിന്റെ നിർമ്മാണവും പൂർത്തിയായതിനാൽ കല്ലിന്റെ രണ്ട് വശങ്ങളിലും വിനോദ സഞ്ചാരികൾക്ക് എത്താം. ജോസ് കെ മാണി എം പി പിഎംജിഎസ് വൈ യിൽ ഉൾപ്പെടുത്തി അനുവദിച്ച 309 ലക്ഷം രുപ മുടക്കിയാണ് 3.5 കിലോമീറ്റർ ദൈർഘ്യം വരുന്ന പുതിയ റോഡ് നിർമിച്ചത്. മൂന്നിലവ് വഴിയാണ് കൂടുതൽ സഞ്ചാരികൾഎത്തുന്നത്. ഡിടിപിസിയുടെ നേതൃത്വത്തിൽ ജീപ്പിലാണ് സഞ്ചാരികളെ മുകളിലെത്തിക്കുന്നത്. അവിടുന്ന് എകദേശം ഒരു കിലോമീറ്ററോളം നടന്ന് ഏറ്റവും മുകളിലെത്താം. ഏറ്റവും മുകളിലായി ഇല്ലിക്കൽ കല്ലിന്റെ സൗന്ദര്യം ആസ്വദിക്കാൻ പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.