കുമരകം
അംഗരാജ്യങ്ങൾക്ക് പരമാവധി സാങ്കേതിക, സാമ്പത്തിക സഹകരണങ്ങൾ ലഭ്യമാക്കാനുള്ള പദ്ധതികൾക്ക് പ്രാഥമിക രൂപംനൽകി ജി 20 വികസനപ്രവർത്തക സമിതിയോഗം(ഡിഡബ്ല്യുജി) കുമരകത്ത് സമാപിച്ചു. വികസ്വര രാജ്യങ്ങളെ അതിവേഗം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താനും ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനുമുള്ള നിർദേശങ്ങളാണ് അവസാനദിവസത്തിൽ പ്രതിനിധികൾ മുന്നോട്ടുവച്ചത്. പരിസ്ഥിതി സംരക്ഷണം വികസനത്തെ തടസപ്പെടുത്താതെ വേണമെന്നും സമ്മേളനം നിർദേശിച്ചു.
ജി 20 അധ്യക്ഷ രാജ്യമായ ഇന്ത്യ ഡിഡബ്ല്യുജിക്കായി കണ്ടെത്തിയ മുൻഗണനാ മേഖലകളെക്കുറിച്ചുള്ള വിശദമായ ചർച്ചകൾ നടന്നു. വികസന വെല്ലുവിളികൾ നേരിടാൻ വികസിതരാജ്യങ്ങളുടെ പങ്കാളിത്തം വർധിപ്പിക്കണം. ഐക്യരാഷ്ട്ര സംഘടനയിലടക്കം ജി20 രാജ്യങ്ങൾ നേരിടുന്ന വികസന പ്രശ്നങ്ങൾ കൂടുതൽ ശക്തമായി ഉന്നയിക്കണമെന്നും പ്രതിനിധികൾ പറഞ്ഞു. ധനസമ്പാദനത്തിൽ വികസ്വര രാജ്യങ്ങൾ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാനുള്ള നിർദേശങ്ങൾ പ്രതിനിധികൾ മുന്നോട്ടുവെച്ചു.
മുംബൈയിൽ ചേർന്ന ഒന്നാം വികസന പ്രവർത്തക സമിതിയോഗത്തിൽ ഇന്ത്യയുടെ നിർദേശങ്ങൾക്ക് ലഭിച്ച പിന്തുണ കുമരകത്തും ലഭ്യമായതായി ജി 20 ജോയിന്റ് സെക്രട്ടറി നാഗരാജ് നായിഡു അറിയിച്ചു. വിവരശേഖരണത്തിലൂടെ വികസനം, സ്ത്രീകേന്ദ്രീകൃത വികസനം എന്നിവയെല്ലാം ഈ ജി20 സമ്മേളനത്തിലെ പുത്തൻ ആശയങ്ങളാണ്. ഇതിന് അംഗരാജ്യങ്ങളിൽനിന്ന് വലിയ പിന്തുണ ലഭിച്ചതായും അദ്ദേഹം പറഞ്ഞു.
സെപ്തംബറിൽ ഡൽഹിയിൽ ചേരുന്ന ജി20 ഉച്ചകോടിയുടെ നയരൂപീകരണത്തിന്റെ ഭാഗമായാണ് ഷെർപ്പ യോഗവും വികസന പ്രവർത്തകസമിതി യോഗവും കുമരകത്ത് ചേർന്നത്.
നന്ദി, കേരള സർക്കാരിനും
കുമരകത്തിനും
ജി20 ഷെർപ്പ യോഗത്തിനും വികസനപ്രവർത്തക സമിതി യോഗത്തിനും എല്ലാ സൗകര്യങ്ങളും ചെയ്തുതന്ന കേരള സർക്കാരിനും സഹകരിച്ച കുമരകത്തെ ജനങ്ങൾക്കും നന്ദി അറിയിക്കുന്നതായി ജി20 ജോയിന്റ് സെക്രട്ടറിമാരായ നാഗരാജ് നായ്ഡു, ഈനാം ഗംഭീർ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സമ്മേളനത്തിന് അങ്ങേയറ്റം അനുയോജ്യമായ സ്ഥലമായിരുന്നു കുമരകം. കേരളത്തിന്റെ അംബാസഡർമാരായി ഇവിടെയെത്തിയ കെഎഎസ് ഉദ്യോഗസ്ഥർ നൽകിയ സേവനം ഓരോ പ്രതിനിധിയും എടുത്തുപറഞ്ഞു. വലിയ കരുതലാണ് അവർ നൽകിയതെന്നും ഇരുവരും പറഞ്ഞു.