തിരുവനന്തപുരം
ദശലക്ഷക്കണക്കിന് വരുന്ന പ്രവാസികളുടെ പൊതുവേദിയായ ലോക കേരളസഭയ്ക്കെതിരെ വീണ്ടും കുപ്രചാരണം. ഒരുവിഭാഗം മാധ്യമങ്ങളാണ് ധൂർത്തെന്ന ആരോപണവുമായി മലയാളികളുടെ അഭിമാനവേദിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.
പ്രവാസികൾക്ക് തങ്ങളുടെ ഭാഗം അവതരിപ്പിക്കാനുള്ള വേദിയൊരുക്കുകയെന്ന കേരള സർക്കാരിന്റെ ഇച്ഛാശക്തിയിൽനിന്നാണ് ലോക കേരളസഭയുടെ പിറവി. രൂപീകരണഘട്ടത്തിൽത്തന്നെ ഇത് തകർക്കാനുള്ള ശ്രമങ്ങളും തുടങ്ങിയിരുന്നു. മൂന്നാം ലോക കേരളസഭയിൽ പങ്കെടുത്ത പ്രതിനിധികളെ തിന്നുമുടിക്കാൻ എത്തിയവർ എന്നുവരെ ആക്ഷേപിച്ചു. ലോകത്തിന്റെ വിവിധ കോണിൽനിന്ന് സ്വന്തം ചെലവിൽ എത്തിയവരെയാണ് അവഹേളിക്കാൻ ശ്രമിച്ചത്. ഇതിനെതിരെ കേരളവും പ്രവാസി സമൂഹവും ഒറ്റക്കെട്ടായി പ്രതികരിച്ചു. പ്രമുഖ വ്യവസായി എം എ യൂസഫലി ഉൾപ്പെടെ പ്രതിനിധികൾ സഭാവേദിയിൽത്തന്നെ തങ്ങളുടെ പ്രതിഷേധമറിയിച്ചു. ലോക കേരളസഭ ബഹിഷ്കരിക്കാൻ പ്രതിപക്ഷ കക്ഷി നേതാക്കൾ ആഹ്വാനം ചെയ്തപ്പോൾ, അവരുടെതന്നെ നേതൃത്വത്തിലുള്ള പ്രവാസി സംഘടനകൾ തള്ളിക്കളഞ്ഞു. ഇതേ വാദങ്ങൾ ഏറ്റുപിടിച്ചതാണ് ഇപ്പോൾ ഒരുവിഭാഗം മാധ്യമങ്ങളും കുപ്രചാരണം അഴിച്ചുവിടുന്നത്.
സംസ്ഥാനത്തെ പാർലമെന്റ്, നിയമസഭ അംഗങ്ങളും കേരളത്തിനുപുറത്തെ വിവിധ മേഖലകളിലെ പ്രതിനിധികളും സഭയിലെ അംഗങ്ങളാണ്. നിലവിൽ 351 അംഗങ്ങളുണ്ട്. കേരളത്തെ ബാധിക്കുന്ന ഒട്ടേറെ വിഷയങ്ങളുടെ ചർച്ചയ്ക്ക് ഈ വേദി സാക്ഷ്യം വഹിക്കുന്നു. രണ്ടുദിവസത്തെ ചർച്ചകൾക്കും സംവാദങ്ങൾക്കുമൊടുവിൽ കേന്ദ്ര– -സംസ്ഥാന സർക്കാരുകൾ പരിഗണിക്കേണ്ട വിഷയങ്ങളിൽ വിശദമായ ഉപദേശ, നിർദേശങ്ങൾ സമർപ്പിക്കുന്നു. പ്രവാസി മലയാളിയും കേരളവും തമ്മിലെ സാമൂഹ്യ, സാംസ്കാരിക വിനിമയ വേദികൂടിയാണ് ലോക കേരളസഭ.
കൈകോർത്ത് പ്രവാസികൾ ; രാജ്യത്ത് ആദ്യം
ഇന്ത്യയിൽ ആദ്യമായാണ് ഒരു സംസ്ഥാനം പ്രവാസികൾക്കായി പൊതുവേദി രൂപീകരിക്കുന്നത്. ഫ്രാൻസ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ തങ്ങളുടെ പ്രവാസി പൗരന്മാർക്ക് നിയമനിർമാണസഭയിലടക്കം നൽകുന്ന പ്രാതിനിധ്യം പരിഗണിച്ചാണ് കേരളം ‘ലോക കേരളസഭ’ പ്രാബല്യത്തിലാക്കിയത്.
കേരളത്തിന്റെ പ്രവാസി ജനസംഖ്യ 33 ലക്ഷം കവിയുമെന്നാണ് കണക്ക്. എട്ടുലക്ഷംപേർ ഇന്ത്യക്കകത്തും 25 ലക്ഷംപേർ ഇതര രാജ്യങ്ങളിലും. പ്രവാസം കഴിഞ്ഞ് തിരിച്ചെത്തിയവർ 17 ലക്ഷമാണ്. ഈ വിഭാഗങ്ങളുടെ പ്രശ്നങ്ങൾ അഭിസംബോധന ചെയ്യുകയാണ് ലോക കേരളസഭയുടെ ലക്ഷ്യം.
ലോക കേരളസഭയിൽ പ്രവാസികളെ പ്രതിനിധാനംചെയ്ത് 169 പേരുണ്ട്. ഇവരിൽ 36 പേർ ഇതരസംസ്ഥാനങ്ങളിൽനിന്നും 104 പേർ പുറംരാജ്യങ്ങളിൽനിന്നും 12 പേർ പ്രവാസം കഴിഞ്ഞ് തിരിച്ചെത്തിയവരിൽനിന്നുമാണ്. വിവിധ മേഖലയിൽനിന്നുള്ള പ്രമുഖ വ്യക്തികൾ നാമനിർദേശം ചെയ്ത 30 പേരുമുണ്ട്. സഭയുടെ സമ്മേളനം കുറഞ്ഞത് രണ്ടുവർഷത്തിലൊരിക്കൽ ചേരണമെന്നാണ് വ്യവസ്ഥ. ഇതിനെയാണ് നിക്ഷേപ സംഗമമായും ധൂർത്തായും ചിത്രീകരിക്കുന്നത്.
നേട്ടം നിരവധി
ലോകകേരള സഭയിലെ ചർച്ചയാണ് ഓവർസീസ് കേരളൈറ്റ്സ് ഇൻവെസ്റ്റ്മെന്റ് ആൻഡ് ഹോൾഡിങ് കമ്പനി യാഥാർഥ്യമാക്കിയത്. പ്രവാസികളുടെ പണം നാടിന്റെ വികസനത്തിന് ഉപയോഗിക്കുകയാണ് ലക്ഷ്യം. അന്താരാഷ്ട്ര പ്രവാസി പഠനകേന്ദ്ര രൂപീകരണം, മലയാളം മിഷൻ പ്രവർത്തന വിപുലീകരണം, ‘ലോക മലയാളം’ പ്രസിദ്ധീകരണം എന്നിവയും സാധ്യമാക്കി. പ്രവാസി ക്ഷേമത്തിനും പുനരധിവാസത്തിനുമായി സഹകരണസംഘം ആരംഭിച്ചു. നോർക്ക റൂട്ട്സിൽ എൻആർകെ വനിതാ സെൽ രൂപീകരിച്ചു. കോവിഡിൽ 14 രാജ്യത്ത് നോർക്ക ഹെൽപ്പ് ഡെസ്ക് തുടങ്ങി. വിദ്യാകിരണം പദ്ധതിക്ക് ലോകത്താകെനിന്ന് സഹായം ഉറപ്പാക്കാൻ സഭാംഗങ്ങൾ മുൻകൈയെടുത്തു. റഷ്യ– -ഉക്രയ്ൻ യുദ്ധത്തിൽ കുടുങ്ങിപ്പോയ വിദ്യാർഥികൾക്കും സഭ കൈത്താങ്ങായിരുന്നു.