കൽപ്പറ്റ> വേനൽക്കാല അവധിയിലേക്ക് കടന്നതോടെ ജില്ലയിൽ സഞ്ചാരികളുടെ ഒഴുക്ക്. ഡിടിപിസി, വനംവകുപ്പ്, കെഎസ്ഇബി, ജലസേചന വകുപ്പ് എന്നിവയുടെ കീഴിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലെല്ലാം സഞ്ചാരികളുടെ തിരക്കാണ്. ഈസ്റ്റർ, വിഷു അവധി ദിവസങ്ങൾ എത്തുന്നതോടെ തിരക്ക് കൂടും. കഴിഞ്ഞ ദിവസങ്ങളിൽ വേനൽ മഴ ഉണ്ടായെങ്കിലും ഇതൊന്നും സഞ്ചാരികളുടെ വരവിനെ ബാധിച്ചില്ല.
പ്രകൃതി സൗന്ദര്യത്തിനൊപ്പം ടൂറിസം വകുപ്പ് ആവിഷ്കരിച്ച പുതിയ പദ്ധതികളും നവീകരണപ്രവർത്തനങ്ങളുമെല്ലാം സഞ്ചാരികളുടെ ഇഷ്ട നാടായി ജില്ലയെ മാറ്റി. പ്രധാന വിനോദ കേന്ദ്രമായ പൂക്കോട് തടാകം, ബാണാസുരസാഗർ, കർലാട്, കാരാപ്പുഴ, കുറുവാ ദ്വീപ്, എടയ്ക്കൽ ഗുഹ, ചെമ്പ്രപീക്ക് എന്നിവിടങ്ങളിലെല്ലാം വലിയ തിരക്കാണ്. “എൻ ഊര്’ ഗോത്ര പൈതൃക ഗ്രാമവും നിരവധിപേരെ ആകർഷിക്കുന്നു. കർലാട് തടാകത്തിൽ ജലധാര, കുട്ടികളുടെ പാർക്ക്, ഫ്ലോട്ടിങ് ബ്രിഡ്ജ്, പ്രത്യേക വെളിച്ച സംവിധാനം എന്നിങ്ങനെ പുതുമയാർന്ന സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ മാത്രം1500ലധികം സഞ്ചാരികൾ കർലാട് എത്തി. കാരാപ്പുഴയിലും നവീന പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ട്.
വിദേശ ടൂറിസ്റ്റുകൾ കുറവെങ്കിലും അഭ്യന്തര ടൂറിസം ജില്ലയിൽ കുറച്ചുനാളായി വർധിച്ചിട്ടുണ്ട്. അയൽ സംസ്ഥാനങ്ങളിൽനിന്നും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നും സഞ്ചാരികൾ എത്തുന്നുണ്ട്. സഞ്ചാരികൾ കൂടുതലായി എത്തിയതോടെ റിസോർട്ടുകൾ, ഹോംസ്റ്റേകൾ എന്നിവയ്ക്കും കൊയ്ത്താണ്. സഞ്ചാരകേന്ദ്രങ്ങളോട് അനുബന്ധിച്ചുള്ള ചെറുകിട വ്യാപാരകേന്ദ്രങ്ങളിലും നല്ല കച്ചവടം ലഭിക്കുന്നുണ്ട്.