കോഴിക്കോട്
കണ്ണൂർ–-ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസ് തീവച്ച കേസിലെ പ്രതി ഷാറൂഖ് സെയ്ഫിന്റെ ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കൽ ബോർഡ്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെള്ളി രാവിലെ 10.30നാണ് വിവിധ വിഭാഗങ്ങളിൽനിന്നായി എട്ട് ഡോക്ടർമാർ പങ്കെടുത്ത പ്രത്യേക മെഡിക്കൽ ബോർഡ് ചേർന്നത്. വ്യാഴാഴ്ച നടത്തിയ പരിശോധനയിൽ പ്രതിക്ക് കരൾസംബന്ധമായ അസുഖം കണ്ടെത്തിയിരുന്നു. കരളിലെ എസ്ജിപിടിയുടെ അളവ് 300ൽ കൂടുതലായിരുന്നു. ഇത് പരമാവധി 40വരെ മാത്രമേ ഉയരാൻ പാടുള്ളൂ. രാസപദാർഥങ്ങൾ ശരീരത്തിൽ എത്തിയാലാണ് സാധാരണ ഇത് ദിവസംതോറും വർധിക്കുക. എന്നാൽ വെള്ളിയാഴ്ച എസ്ജിപിടി അളവിൽ വലിയ കുറവ് വന്നതായി മെഡിക്കൽ ബോർഡ് വിലയിരുത്തി. ശാരീരികമായി മറ്റ് പ്രശ്നങ്ങളൊന്നുമില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് നൽകാനുള്ള തീരുമാനമെടുക്കുകയായിരുന്നു.
മെഡിസിൻ മേധാവി ഡോ. ജയേഷ്, ഡോ. അനുഷ പാൽ, ഡോ. മജീദ്, ഉദരരോഗവിഭാഗം മേധാവി ഡോ. സുനിൽകുമാർ, ആർഎംഒ ഡോ. ഡാനിഷ്, അഡീഷണൽ സൂപ്രണ്ടുമാരായ ഡോ. രഞ്ജിനി, ഡോ. സുനിൽകുമാർ, സർജറി വിഭാഗത്തിലെ ഡോ. ഷാജഹാൻ എന്നിവരാണ് മെഡിക്കൽ ബോർഡിലുള്ളത്.