തിരുവനന്തപുരം
മുതിർന്ന നേതാവ് എ കെ ആന്റണിയുടെ മകന് പിന്നാലെ ആരൊക്കെ ബിജെപിയിലേക്ക് ചാടുമെന്ന ആശങ്കയിൽ സംസ്ഥാന കോൺഗ്രസ് നേതൃത്വം. ആന്റണിയുടെ മകൻ എന്നതിനപ്പുറം പ്രാധാന്യം അനിലിന് ഇല്ലെന്ന് ആവർത്തിക്കുന്നുണ്ടെങ്കിലും കടുത്ത അങ്കലാപ്പിലാണ് നേതാക്കൾ. ഒപ്പമുള്ള ആരൊക്കെയോ ബിജെപിയുടെ ഏജന്റുമാരായി പ്രവർത്തിക്കുന്നുവെന്ന സംശയമാണ് നേതൃനിരയിൽ ബലപ്പെടുന്നത്.
പ്രമുഖ നേതാവ് ബിജെപിയിലേക്ക് പോകുന്നതായി ഓൺലൈൻ ചാനലിൽ വാർത്ത വന്നാൽപ്പോലും തെളിഞ്ഞുവരുന്ന കുറെയേറെ കോൺഗ്രസ് നേതാക്കളുടെ ചിത്രമുണ്ട്. ശശി തരൂരും കെ മുരളീധരനും ഇത്തരം വാർത്തകളെ തള്ളിപ്പറഞ്ഞിട്ടുണ്ടെങ്കിലും കെ സുധാകരനെ പോലുള്ളവർ എപ്പോൾ വേണമെങ്കിലും ബിജെപിയുടെ ഭാഗമാകുമെന്ന് ഏതാണ്ടെല്ലാ നേതാക്കൾക്കും അറിയാം. ആർഎസ്എസുമായി ഏതെങ്കിലും വിധത്തിലുള്ള അകൽച്ച തനിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പലകുറി തെളിയിച്ചിട്ടുണ്ട്. സവർക്കർ അനുസ്മരണ പരിപാടിയിൽ പങ്കെടുത്തതും ആർഎസ്എസ് കാര്യാലയത്തിൽപോയി വോട്ട് തേടിയതും സതീശന്റെ രാഷ്ട്രീയ ജീവിതത്തിലെ ഒളിച്ചുവയ്ക്കാൻ കഴിയാത്ത യാഥാർഥ്യങ്ങളാണ്.
ഡിജിറ്റൽ മീഡിയ സെല്ലിന്റെ ഭാരവാഹി എന്ന നിലയിൽ സംസ്ഥാനം മുഴുവൻ എഴുന്നള്ളിച്ച് നടന്നപ്പോഴും അനിലിന്റെ കൂറ് ബിജെപിയോട് ആയിരുന്നുവെന്ന് ഒപ്പം പ്രവർത്തിച്ചിരുന്നവർ തുറന്നടിക്കുന്നു. ഇങ്ങനെ അകമേ ബിജെപി ബർത്തുകൾ സ്വപ്നംകണ്ട് കോൺഗ്രസിൽ കഴിയുന്നവർക്കെതിരെ സമൂഹമാധ്യമങ്ങളിലടക്കം രൂക്ഷവിമർശമുയരുന്നുണ്ട്. കെപിസിസിയിൽ ആഗ്രഹിച്ച ഭാരവാഹിത്വമോ തെരഞ്ഞെടുപ്പിൽ സീറ്റോ ലഭിക്കാത വന്നാൽ നേതാക്കൾ ആദ്യം ഉയർത്തുന്ന ഭീഷണി ബിജെപിയിലേക്ക് ചാടുമെന്നായിരുന്നു. ഇന്ന് ബിജെപിയുടെ വേദിയിൽ പ്രത്യക്ഷപ്പെട്ട് അംഗത്വം സ്വീകരിക്കലും കോൺഗ്രസിനെ അപഹസിച്ച് കടന്നാക്രമിക്കുകയും ചെയ്യുന്നത് പതിവായെന്ന് സംസ്ഥാനത്തെ പ്രമുഖ നേതാവ് പറഞ്ഞു.