തിരുവനന്തപുരം > ഒരിക്കലും വറ്റാത്ത അത്യാവേശത്തിന്റെ കാറ്റായിരുന്നു സുനീത് ചോപ്രയെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി. ഇന്ത്യയിലെ ഒരേയൊരു ബിനാലെയായ കൊച്ചി മുസിരിസ് ബിനാലെയുടെ പ്രധാന്യം ഉത്സാഹപൂർവ്വം ഏതാനും ആഴ്ചകൾക്ക് മുമ്പ് തിരുവനന്തപുരത്തുവച്ച് കണ്ടുമുട്ടിയപ്പോൾ സംസാരിച്ചിരുന്നതായും എം എ ബേബി ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു.
എം എ ബേബിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്:
ഒരിക്കലും വറ്റാത്ത അത്യാവേശത്തിന്റെ കാറ്റ്…. സഖാവ് സുനീത് ചോപ്രയെ മറ്റെങ്ങനെ വിശേഷിപ്പിക്കും?. പശ്ചിമ ബംഗാളിൽ കോൺഗ്രസ് അഴിച്ചുവിട്ട അത്യന്തം ഹീനവും ബീഭത്സവുമായ അർധഫാസിസ്റ്റ് ഭീകരവാഴ്ചയുടെ നാളുകളിൽ കൊൽക്കത്തയിൽ വെച്ചാണ് സുനീതിനെ ആദ്യമായി കണ്ടുമുട്ടുന്നത്. അന്ന് അടുത്ത് ഇടപഴകിയില്ല. 1974 ൽ അവിടെ നടന്ന എസ്എഫ്ഐയുടെ രണ്ടാം അഖിലേന്ത്യ സമ്മേളന വേദിയിൽ ഓടിനടക്കുകയായിരുന്ന ഊർജ്ജ്വസ്വലനായ താടിക്കാരന്റെ ചിത്രം മനസിൽ പതിഞ്ഞെങ്കിലും അന്ന് കൂടുതൽ സംസാരിക്കാൻ മുതിർന്നില്ല. എസ്എഫ്ഐ ജനറൽ സെക്രട്ടറിയായിരുന്ന ബിമൻ ബോസിനൊപ്പമാണ് അടുത്തുകണ്ടത്. അന്ന് സഖാവിനൊപ്പം ഞാനും തോമസ് ഐസക്കും മറ്റും എസ് എഫ് ഐ കേന്ദ്രകമ്മിറ്റിയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് 1975 ജൂണിൽ ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടതോടെ കേന്ദ്രകമ്മിറ്റിയോഗങ്ങൾ കൂടാനോ സുനീതുമായി കൂടുതൽ അടുക്കാനോ സന്ദർഭമുണ്ടായില്ല.
1979ൽ ബീഹാറിലെ പട്നയിൽ വെച്ചുനടന്ന എസ്എഫ്ഐ മൂന്നാം അഖിലേന്ത്യ സമ്മേളനത്തിൽ വെച്ച് സഖാഖ് എസ്എഫ്ഐയിൽ നിന്ന് വിടവാങ്ങി. അതിനും ഒരുവർഷം മുമ്പ് ക്യൂബൻ തലസ്ഥാനമായ ഹവാനയിൽ വെച്ച് നടന്ന ലോകയുവജന വിദ്യാർഥി മേളയിൽ ഞങ്ങൾ പ്രതിനിധികളായിരുന്നു. പട്ന സമ്മേളനത്തിന്റെ പ്രതിനിധി സെഷൻ സമാപിച്ചപ്പോൾ ഞങ്ങളെല്ലാം ചേർന്ന് ഹോസെ മാർട്ടിയുടെ പ്രശസ്തമായ ‘വന്ദന മേര, വഹീര വന്ദനമേര ’ എന്ന സ്പാനിഷ് ഗാനമാലപിച്ചപ്പോൾ അതിന് നേതൃത്വം നൽകിയത് സുനീതായിരുന്നു.
അന്ന് പൊതുസമ്മേളനത്തിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് എന്ന നിലയിൽ നടത്തിയ അധ്യക്ഷ പ്രസംഗത്തിന്റെ പരിഭാഷ സുനീതാണ് നടത്തിയത്. പ്രസംഗത്തിലെ സാധാരണ നീരീക്ഷണങ്ങളും പരിഭാഷകഴിയുമ്പോൾ വലിയ ആവേശവും കൈയടിയും സൃഷ്ടിക്കുന്നത് എന്നെ അമ്പരപ്പിച്ചു. കാരണം പിന്നീടാണ് പിടികിട്ടിയത്. സുനീതിന്റെ പരിഭാഷ വലിയ ആവേശം കെട്ടഴിച്ചുവിടും വിധം കുറേ കൂട്ടിച്ചേർക്കലുകളോടെ ആയിരുന്നു. അതാണ് വിദ്യാഥികൾ ഇളകിമറിഞ്ഞ് കൈയടിച്ചത്. അങ്ങനെ സ്വന്തം അനുഭവത്തിലൂടെയാണ് സുനീതും അത്യാവേശവും തമ്മിലുള്ള അഭേദ്യമായ ബന്ധം ഞാൻ ആദ്യമായി മനസ്സിലാക്കിയത്.
വിദ്യാർഥി ജീവിതം മുതൽ സുനീതിന്റെ അടുത്ത സുഹൃത്തായിരുന്ന സ.ബൃന്ദ കാരാട്ട് അവർ ലണ്ടനിൽ ഒന്നിച്ചുണ്ടായിരുന്ന കാലം മുതലുള്ള കൗതുക കഥകൾ പറഞ്ഞിട്ടുണ്ട്. ഏതു ദുർഘട ഘട്ടത്തിലും ശുഭാപ്തി വിശ്വാസിയായിരിക്കാനുള്ള സുനീതിന്റെ അവിശ്വസനീയ കഴിവ് സ്ഥിരീകരിക്കപ്പട്ടത് ഈ അനുഭവ വിവരണങ്ങളിൽ നിന്നുകൂടിയാണ്.
ഡിവൈഎഫ്ഐയുടെ അഖിലേന്ത്യ നേതൃത്വത്തിലും സിപിഐ എം കേന്ദ്രകമ്മിറ്റിയിലും ഒരുമിച്ച് പ്രവർത്തിക്കാനുള്ള അവസരവും ഞങ്ങൾക്കുണ്ടായി. സോവിയറ്റ് യൂണിയനിലും ഡിപിആർ കൊറിയയിലും യുവജന പ്രതിനിധി സംഘങ്ങളുടെ ഭാഗമായി ഞങ്ങൾ ഒന്നിച്ചു യാത്രചെയ്തു. ഫ്രഞ്ചടക്കമുള്ള വിദേശ ഭാഷാ പരിജ്ഞാനം ഇത്തരം യാത്രകളിലും അന്തർദേശീയ സമ്മേളനങ്ങളിലും സുനീതിന് മറ്റാരേക്കാളും ശ്രദ്ധേയ സംഭാവന നൽകുവാൻ സാഹചര്യമൊരുക്കി. ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയിൽ എസ്എഫ്ഐ സ്ഥാപിക്കുന്നതിന് സുനീത് നേതൃപരമായ പങ്കാണ് വഹിച്ചത്. 1980ൽ ലുധിയാനയിലെ ഡിവൈഎഫ്ഐ രൂപീകരണ സമ്മേളനത്തിൽ ഞങ്ങൾ ഒരുമിച്ചു പങ്കെടുത്തു.
ഇംഗ്ലീഷിലും ഹിന്ദിയിലും പഞ്ചാബിയിലും ഫ്രഞ്ചുഭാഷയിലും മറ്റും അനർഗ്ഗളമായി സംസാരിക്കാനും എഴുതാനും സുനീതിന് സാധിക്കുമായിരുന്നു. ലേഖനങ്ങളും കഥയും കവിതയും എഴുതുന്നതുപോലെ ചിത്രകാരനെന്ന നിലയിലും സഖാവ് കഴിവ് തെളിയിച്ചു. പ്രശസ്തരായ കലാകാരരുടെ ചിത്ര – ശിൽപ്പ പ്രദർശനങ്ങളുടെ ക്യൂറേറ്ററായും നിരൂപകനായും ഖ്യാതിനേടി. ഹിന്ദുസ്ഥാൻ ടൈംസ് പോലുള്ള മുഖ്യധാര ദിനപ്പത്രങ്ങളിൽ കലാനിരൂപണ പംക്തിയും അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ ഒരേയൊരു ബിനാലെയായ കൊച്ചി മുസിരിസ് ബിനാലെയുടെ പ്രധാന്യം ഉത്സാഹപൂർവ്വം ഏതാനും ആഴ്ചകൾക്ക് മുമ്പ് തിരുവനന്തപുരത്തുവച്ച് കണ്ടുമുട്ടിയപ്പോൾ സഖാവ് സംസാരിച്ചത് ഓർക്കുന്നു. ഞങ്ങളുടെ പൊതുസുഹൃത്തും വിപ്ലവകാരിയായ കലാകാരനുമായിരുന്ന വിവാൻ സുന്ദരം നമ്മെ വിട്ടുപിരിഞ്ഞതിന്റെ വേദന മായുംമുമ്പേ സുനീതും ഓർമയാകുന്നത് യാദൃച്ഛികമാകാം, എന്നാൽ ഒട്ടും താങ്ങാവുന്നതല്ല….