റായ്പുർ> വിവാഹ സമ്മാനമായി കിട്ടിയ ഹോംതിയറ്റർ പൊട്ടിത്തെറിച്ച് നവവരനും സഹോദരനും മരിച്ചു. ഛത്തീസ്ഗഢിലെ കബീർദാം സ്വദേശികളായ ഹേമേന്ദ്ര മേരവി (22), രാജ്കുമാർ (30) എന്നിവരാണ് മരിച്ചത്. ഒന്നരവയസ്സുള്ള കുട്ടിയുൾപ്പെടെ നാലുപേർക്ക് പരിക്കേറ്റു. ഇവർ ചികിത്സയിലാണ്.
ശനിയാഴ്ചയായിരുന്നു ഹേമേന്ദ്രയുടെ വിവാഹം. സമ്മാനമായി ലഭിച്ച ഹോംതിയറ്റർ ഓൺചെയ്തപ്പോൾ പൊട്ടിത്തെറിക്കുകയായിരുന്നു. ഹേമേന്ദ്ര സംഭവസ്ഥലത്തും രാജ്കുമാർ ആശുപത്രിയിൽവച്ചും മരിച്ചു. സ്ഥലത്ത് പൊലീസ് പരിശോധന നടത്തി. അപകടകാരണം വ്യക്തമല്ല. മധ്യപ്രദേശ് അതിർത്തിയിലെ മാവോയിസ്റ്റ് സാന്നിധ്യമുള്ള പ്രദേശത്താണ് അപകടം നടന്നത്.