തിരുവനന്തപുരം > 80 ലക്ഷം രൂപ ലോട്ടറിയടിച്ചയാൾ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ സുഹൃത്ത് അറസ്റ്റിൽ. ലോട്ടറിയടിച്ച പാങ്ങോട് മതിര തൂറ്റിക്കൽ സജി വിലാസത്തിൽ സജീവ് (35) മരിച്ച സംഭവത്തിൽ സുഹൃത്ത് സന്തോഷാണ് അറസ്റ്റിലായത്. സംഭവം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.
കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ 80 ലക്ഷം രൂപയാണ് സജീവന് ലോട്ടറിയടിച്ചത്. തുക കഴിഞ്ഞ ദിവസം സജീവന് ലഭിക്കുകയും ചെയ്തു. പിന്നാലെ ശനിയാഴ്ച രാത്രി 9ന് സുഹൃത്തായ പാങ്ങോട് ചന്തക്കുന്നിൽ വാടകയ്ക്ക് താമസിക്കുന്ന രാജേന്ദ്രൻപിള്ളയുടെ വീട്ടിൽ ഇവർ ഒരുമിച്ചുകൂടി സൽക്കാരം നടത്തുകയായിരുന്നു. ഇവിടെ സുഹൃത്തുക്കളുമായി സംസാരിച്ച് നിൽക്കുന്നതിനിടെ സന്തോഷ് സജീവനെ ആക്രമിക്കുകയായിരുന്നു. മൺതിട്ടയിൽനിന്ന് തള്ളിയിട്ടതിനെത്തുടർന്ന് കഴുത്തിനേറ്റ ക്ഷതമാണ് മരണകാരണം.