ന്യൂഡൽഹി
മത്സ്യമേഖലയോട് കേന്ദ്രസർക്കാർ കാട്ടുന്ന ക്രൂരമായ അനീതി അവസാനിപ്പിക്കണമെന്നും മേഖലയുടെ വികസനത്തിനായി കുറഞ്ഞത് ഒരു ലക്ഷം കോടി ബജറ്റിൽ വകയിരുത്തണമെന്നും സിഐടിയു അഖിലേന്ത്യ ജനറൽ സെക്രട്ടറി തപൻസെൻ ആവശ്യപ്പെട്ടു.
കേന്ദ്രനയങ്ങൾമൂലം തീരമേഖലയിൽ ഉപജീവനം സാധ്യമാകാത്ത സ്ഥിതിയായി. എൻസിഡിസി, എൻഎഫ്ഡിബി സ്ഥാപനങ്ങൾ വഴിയുള്ള സബ്സിഡിയും ഭവന നിർമാണ പദ്ധതിയും ബിജെപി അട്ടിമറിച്ചു–- തപൻസെൻ പറഞ്ഞു. അഖിലേന്ത്യ ഫിഷേർസ് ആൻഡ് ഫിഷറീസ് വർക്കേഴ്സ് ഫെഡറേഷൻ നേതൃത്വത്തിൽ ഡൽഹി ജന്തർ മന്തറിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സബ്സിഡി നിരക്കിൽ മണ്ണെണ്ണ, ബ്ലൂ ഇക്കോണമി നയം പിൻവലിക്കുക, കടലിന്റെ അടിത്തട്ടിലെ ഖനനം അവസാനിപ്പിക്കുക, മത്സ്യമാർക്കറ്റുകളെ നവീകരിക്കുക, എല്ലാവർക്കും പെൻഷൻ തുടങ്ങി നിരവധി ആവശ്യങ്ങളുന്നയിച്ചായിരുന്നു ധർണ. സിഐടിയു അഖിലേന്ത്യ പ്രസിഡന്റ് ഡോ. കെ ഹേമലത, ഫെഡറേഷൻ അഖിലേന്ത്യ പ്രസിഡന്റ് ദേശാശിഷ് ബർമൻ, ജനറൽ സെക്രട്ടറി പുല്ലുവിള സ്റ്റാൻലി, ട്രഷറർ ജി മമത, എംപിമാരായ എ എ റഹിം, വി ശിവദാസൻ, മത്സ്യഫെഡ് ചെയർമാൻ ടി മനോഹരൻ, മത്സ്യഅനുബന്ധ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി എ സഫറുള്ള, മുൻ എംഎൽഎ സി കെ ശശീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.