കണ്ണൂർ> അക്രമി തീയിട്ടതിനെ തുടർന്ന് ആലപ്പുഴ –- കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിൽ നിന്നും വീണ് മരിച്ച പിഞ്ചുകുഞ്ഞടക്കമുള്ള മൂന്നുപേരുടെയും മൃതദേഹങ്ങൾ ഖബറടക്കി.
പാലോട്ടുപള്ളി ബദ്രിയ്യ മൻസിൽ റഹ്മത്തിന്റെ മൃതദേഹം പാലോട്ടുപള്ളി ജുമാ മസ്ജിദ് ഖബർസ്ഥാനിലും കൊടോളിപ്രം വരുവക്കുണ്ടിലെ നൗഫീക്കിന്റേത് എടയന്നൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിലും രണ്ടര വയസ്സുകാരി സഹറ ബത്തൂലിന്റേത് കോഴിക്കോട് ചാലിയം ജുമാ മസ്ജിദ് ഖബർസ്ഥാനിലുമാണ് ഖബറടക്കിയത്.
പാലോട്ടുപള്ളി ബദ്രിയ്യ മൻസിൽ പരേതനായ അബ്ദുറഹ്മാന്റെയും ജമീലയുടെയും മകൾ മാണിക്കോത്ത് റഹ്മത്ത് (45), റഹ്മത്തിന്റെ സഹോദരി കോഴിക്കോട് ചാലിയം സ്വദേശി ജസീലയുടെയും ശുഹൈബ് സഖാഫിയുടെയും മകൾ സഹറ ബത്തൂൽ (രണ്ടര വയസ്), കണ്ണൂർ പട്ടാന്നൂരിനടുത്ത് കൊടോളിപ്രം വരുവക്കുണ്ടിലെ കെ പി നൗഫീക്ക് (39) എന്നിവരുടെ മൃതദേഹങ്ങളാണ് തിങ്കളാഴ്ച പുലർച്ചെ ഒന്നരയോടെ എലത്തൂരിൽ റെയിൽവേ ട്രാക്കിൽ കണ്ടെത്തിയത്. തീ പടരുന്നത് കണ്ട് ഭയന്ന ഇവർ ട്രെയിനിൽനിന്ന് ചാടിയതാകാമെന്നാണ് നിഗമനം. ഇവർക്കൊപ്പമുണ്ടായിരുന്ന റഹ്മത്തിന്റെ ബന്ധു റാസിക് പൊള്ളലേറ്റ് കോഴിക്കോട്ട് ചികിത്സയിലാണ്.
ഞായറാഴ്ച വൈകീട്ട് നോമ്പ് തുറയ്ക്കുശേഷം റഹ്മത്തും റാസിക്കും സഹറ ബത്തൂലിനെയുംകൂട്ടി ചാലിയത്തുനിന്നും മട്ടന്നൂരിലേക്ക് വരികയായിരുന്നു. റഹ്മത്തിന്റെ ബാപ്പ അബ്ദുറഹിമാന്റെ ചരമവാർഷികദിനമായ ചൊവ്വാഴ്ച ബന്ധുക്കൾ ഒത്തുചേരാനിരുന്നതാണ്. സഹറ ബത്തൂലിന്റെ ബാപ്പ ശുഹൈബ് വിദേശത്താണ്. ഉമ്മ ജസീലക്ക് അധ്യാപക പരിശീലനത്തിന് പോകേണ്ടതിനാൽ കൂടെ വരാനായില്ല. കുട്ടിയെ മാത്രം ഒപ്പം കൂട്ടുകയായിരുന്നു. ജസീലയും ബന്ധുക്കളും ചൊവ്വാഴ്ച മട്ടന്നൂരിലേക്ക് വരാനിരുന്നതുമാണ്. ആയിഷ ഫാത്തിമയാണ് സഹറയുടെ സഹോദരി.
സി എം ഷറഫുദ്ദീനാണ് റഹ്മത്തിന്റെ ഭർത്താവ്. മകൻ: റംഷാദ് (ബംഗളൂരു). സഹോദരങ്ങൾ: ഹമീദ്, ഹുസൈൻ, സത്താർ, സഅദ് സഖാഫി, ജുബൈരിയ, ജസീല.
ഉണക്കമത്സ്യ വ്യാപാരിയായ കെ പി നൗഫീക്ക് മലപ്പുറത്ത് മതപ്രഭാഷണം കേൾക്കാനും തുടർന്നുള്ള സമൂഹനോമ്പുതുറയിൽ പങ്കെടുക്കാനും പോയതായിരുന്നു. പരിപാടി കഴിഞ്ഞ് ട്രെയിനിൽ കയറിയതാണ്. കൊടോളിപ്രം വരുവാക്കുണ്ട് മുത്തപ്പൻ ക്ഷേത്രത്തിന് സമീപത്ത് പരേതരായ അബൂബക്കറിന്റെയും പാത്തുമ്മയുടെ മകനാണ്. ഭാര്യ: ബുഷറ. മക്കൾ: ഹുദ, ഫിദ (ഇരുവരും കുന്നോത്തുപറമ്പ് യുപി സ്കൂൾ വിദ്യാർഥികൾ), മുഹമ്മദ് ഇസ്മയിൽ. സഹോദരങ്ങൾ: സക്കീന, നാസർ, ഷഫീക്ക്, സെനീറ, സലീം, നൗഷാദ്, നൗഫൽ, പരേതയായ സുഹറ.