ന്യൂഡൽഹി> സ്വവർഗവിവാഹങ്ങൾക്ക് അംഗീകാരം തേടിയുള്ള ഹർജികളെ ഒറ്റക്കെട്ടായി എതിർത്ത് വിവിധ മത സംഘടനകളുടെ നേതാക്കൾ. ഒരുകാരണവശാലും സ്വവർഗവിവാഹങ്ങൾക്ക് അംഗീകാരം നൽകരുതെന്ന് ആവശ്യപ്പെട്ട് ചില മതസംഘടനകൾ സുപ്രീംകോടതിയിൽ അപേക്ഷ നൽകിയപ്പോൾ ചില സംഘടനകൾ രാഷ്ട്രപതിക്ക് കത്ത് അയച്ചു.
ജമാത്ത് ഇ ഇസ്ലാമി ഹിന്ദ്, ജാമിയത്ത് ഉലമ ഐ ഹിന്ദ്, കമ്യൂണിയൻ ഓഫ് ചർച്ചസ്, അകാൽതഖ്ത്, അജ്മീർദർഗ, ജയിൻ ഗുരുക്കൾ തുടങ്ങിയ സംഘടനകളുടെ പ്രതിനിധികൾ സ്വവർഗവിവാഹങ്ങൾക്ക് അംഗീകാരം നൽകണമെന്ന ആവശ്യത്തെ എതിർത്ത് രംഗത്തെത്തി. സ്വവർഗവിവാഹങ്ങൾ സ്വാഭാവിക സാമൂഹ്യജീവിതത്തിന് ഭീഷണിയാണെന്ന് ഈ സംഘടനകൾ ആരോപിച്ചു. ഭാവി തലമുറയെ സൃഷ്ടിക്കുകയെന്നതാണ് വിവാഹങ്ങളുടെ ഉദ്ദേശം. കേവലാനന്ദത്തെ ലക്ഷ്യമിട്ടുള്ള ബന്ധങ്ങൾക്ക് അംഗീകാരം നൽകുന്നത് തെറ്റാണെന്നും സംഘടനകൾ പറഞ്ഞു.
ആർഎസ്എസ് സ്വവർഗവിവാഹങ്ങൾക്ക് അംഗീകാരം നൽകുന്നതിനെ നേരത്തെ എതിർത്തിരുന്നു. സ്വവർഗവിവാഹങ്ങൾക്ക് അംഗീകാരം നൽകരുതെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ നേരത്തെ നിലപാട് വ്യക്തമാക്കിയിരുന്നു.